കോവിഡ് പോലെയുള്ള പകർച്ചവ്യാധികളെ നേരിടാൻ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 35 നിയോജക മണ്ഡലങ്ങളിൽ നിർമ്മാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
90 ആശുപത്രികളിൽ വാർഡിന് ആവശ്യമായ സൈറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇനിയൊരു പകർച്ചവ്യാധിയുണ്ടായാൽ നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുകയാണ് ലക്ഷ്യം. ഓരോ നിയോജക മണ്ഡലത്തിലും പ്രവർത്തിക്കുന്ന ഒരാശുപത്രിയിൽ 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഐസൊലേഷൻ കെട്ടിടമാണ് നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ച് നടത്തുന്ന 250 കോടി രൂപയുടേതാണ് പദ്ധതി. ഈ പദ്ധതിയുടെ സ്പെഷ്യർ പർപ്പസ് വെഹിക്കിളായി കെ എം എസ് സി എൽ നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2,400 ചതുരശ്ര അടി വിസ്ത്രീർണത്തിലുള്ളതാണ് കെട്ടിടം. ചുരുങ്ങിയ സമയത്തിനുള്ളിൽ അടിയന്തിരമായി നിർമാണം പൂരത്തിയാക്കുന്ന പ്രീ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. ഫാക്ടറിയിൽ വെച്ച് തന്നെ ഡിസൈൻ ചെയ്തതനുസരിച്ചു നിർമിച്ച സ്ട്രക്ചറുകൾ കൊണ്ടുവന്നു സ്ഥാപിക്കുന്ന സാങ്കേതിക വിദ്യയാണിത്. നാലര മാസത്തിനുള്ളിൽ കെട്ടിടം പൂർത്തിയാക്കാൻ സാധിക്കും.
തിരുവനന്തപുരം ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിന് അനുബന്ധമായി തയ്യാറാക്കുന്ന ഐസൊലേഷൻ വാർഡിന്റെ സ്ഥലം മന്ത്രി സന്ദർശിച്ച് പ്രവര്ത്തനങ്ങൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി ആർ രാജു, കെ എം എസ് സി എൽ ജനറൽ മാനേജർ ഡോ. ജോയ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Post a Comment