അഴിയൂരില്‍ മലിനജലം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുന്നത് തടയാന്‍ കര്‍ശന നടപടിയുമായി ഗ്രാമ പഞ്ചായത്ത് 30 വീട്ടുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി.
ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ചാരങ്കയില്‍, പുളിയേരി നട, റെയില്‍വേ സ്റ്റേഷന് പരിസരം എന്നിവിടങ്ങളിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സംയുക്ത പരിശോധന നടത്തിയത്.റെയില്‍വെ സ്റ്റേഷനു അടുത്തുള്ള ഹിബ കോംപ്ലക്സ് ഉടമക്ക് നോട്ടീസ് നല്കി.
മാഹി പെട്രോള്‍ പമ്പിലെ ജീവനക്കാരായ 20 ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമസ്ഥനോട് ഇതര തൊഴിലാളികളെ മൂന്നുദിവസത്തിനകം മാറ്റി വൃത്തിഹീനമായ പരിസരം ശുചീകരിച്ച് പുറത്തേക്കിട്ട മലിന ജല പൈപ്പിന് പകരം പുതിയ സംവിധാനം ഉണ്ടാക്കുവാന്‍ നിര്‍ദ്ദേശം നല്കി. ഒരാഴ്ചക്കകം പകരം സംവിധാനം ചെയ്തില്ലെങ്കില്‍ കേരള പഞ്ചായത്ത് രാജ് നിയമം പ്രകാരം 25000 രൂപ വരെ പിഴയും നിയമ നടപടിയും എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നോട്ടീസ് നല്കിയ വീടുകളിലും സ്ഥാപനങ്ങളിലും ആശാ വര്‍ക്കര്‍മാര്‍ വീണ്ടും പരിശോധന നടത്തും.
നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ മുന്നറിപ്പില്ലാതെ നടപടി സ്വീകരിക്കും. പരിശോധനക്കൊപ്പം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബോധവത്കരണവും നടത്തി. പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് നേതൃത്വം നല്കി. പഞ്ചായത്ത് ജീവനക്കാരായ എച്ച്. മുജീബ് റഹ്മാന്, ജെ.എച്ച്.ഐ സി. റീന, എ.രജനി, പഞ്ചായത്ത് മെമ്ബര്‍ ഫിറോസ് കാളാണ്ടി, ബ്ലോക്ക് മെമ്ബര്‍ കെ. ബിന്ദു എന്നിവര്‍ സംബന്ധിച്ചു.
Post a Comment