കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കടുത്ത മനുഷ്യാവകാശലംഘനമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ജീവനക്കാരില്‍ ചിലര്‍ അശ്രദ്ധമായാണ് ജോലി ചെയ്യുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അന്തേവാസിയായ സ്ത്രീയുടെ മരണത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിനും ആറരക്കും ഇടയിലാണ് അന്തേവാസി മരിച്ചത്.
ആവശ്യത്തിന് ജീവനക്കാരുണ്ടായിരുന്നെങ്കില്‍ കൊലപാതകം തടയാമായിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്തേവാസികള്‍ക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ല. കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ശോച്യാവസ്ഥയിലാണ്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം നല്‍കാനും അധികൃതര്‍ മടിക്കുകയാണ്.
പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും അഡീഷനല്‍ ഡി.എം.ഒ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, പ്രശ്നങ്ങള്‍ ഗൗരവമായി കാണുന്നെന്ന് കുതിരവട്ടം ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷിനു കോഴിക്കോട്ട് പറഞ്ഞു.
അടിയന്തര സാഹചര്യം പരിഗണിച്ച് വിഷയങ്ങള്‍ കൃത്യമായി പഠിച്ചശേഷം തിങ്കളാഴ്ച ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുതിരവട്ടത്തെയും തൃശൂരിലെയും മാനസികാരോഗ്യകേന്ദ്രങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യവകുപ്പാണ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയത്.
Post a Comment