കൊയിലാണ്ടി ഹാര്‍ബറിന് മുന്‍ വശത്തെ ഓവ് ചാലില്‍ മാലിന്യം കുമിഞ്ഞുകൂടി ഒഴുക്ക് നിലച്ചതോടെ അസഹ്യമായ ദുര്‍ഗന്ധം.

കൊയിലാണ്ടി നഗരത്തിലെ വീടുകള്‍,സ്ഥാപനങ്ങള്‍,വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്ഥലത്തേയും മലിന ജലം ഒഴുകിയെത്തുന്നത് ഈ ഓവുചാലിലേക്കാണ്. മുമ്പ് ഈ ഓവുചാലിലെ വെളളം കടലിലേക്കായിരുന്നു ഒഴുക്കിയിരുന്നത്. എന്നാല്‍ തീരവാസികള്‍ എതിര്‍ത്തതോടെ ഇപ്പോള്‍ കടലിലേക്ക് വെളളം ഒഴുക്കുന്നില്ല. ഇതോടെ ഒഴുകി പോകാന്‍ കഴിയാതെ മലിന ജലം തളം കെട്ടി നില്‍ ക്കുകയാണ്.എല്ലാ മാലിന്യങ്ങളും ഓവുചാലിലേക്ക് വലിച്ചെറിയുന്ന അവസ്ഥയാണ്.അതുകൊണ്ടുതന്നെ  മലിന ജലം ദുര്‍ഗന്ധപൂരിതമാകുകയാണ്. ഓവു ചാലിന് സമീപം പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികളും പരിസരവാസികളും വളരെ പ്രയാസത്തോടെയാണ് കഴിയുന്നതെന്ന് ഡ്രൈവരമാർപറയുന്നു  ഓവുചാലില്‍ കൊതുകുകളും പെരുകുന്നുണ്ട്. പകർച്ചവ്യാധികൾക്ക് സാധ്യതയേറുന്നു അവസ്ഥയാണ് ഇപ്പോഴുള്ളത്.കഴിഞ്ഞ ദിവസം നഗരസഭ ശുചീകരണ തൊഴിലാളികളെത്തി കുറച്ച് മാലിന്യം കോരിയെടുത്ത് കൊണ്ടു പോയിരുന്നു.
 പ്ലാസ്റ്റിക് കുപ്പികള്‍,വീടുകളിലെ മാലിന്യങ്ങള്‍,പ്ലാസ്റ്റിക് കവറുകള്‍ എന്നിവയെല്ലാം ഓവു ചാലിലാണ് എത്തുന്നത്. ഇത് കെട്ടി നില്‍ക്കുന്നതോടെ വെളളം ഒഴുകുന്നത് നിലയ്ക്കും.  നഗരത്തില്‍ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് കടലോര വാസികളുടെ ആവശ്യം. പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിന് അസി.കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വിഭാഗം ആളുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഓവുചാല്‍ സ്ലാബിട്ട് മൂടണമെന്നും,മലിനജലം ഹാര്‍ബര്‍ പരിസരത്ത് ജൈവ വേലി (ഗ്രീന്‍ബെല്‍ട്ട്) നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തണമെന്നുമായിരുന്നു തീരുമാനം. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് വാർഡ് കൗൺസിലറും ജില്ലാ ആസൂത്രണ സമിതി അംഗവുമായ വിപി ഇബ്രാഹിംകുട്ടി പറഞ്ഞു.

Post a Comment

Previous Post Next Post