ജീവനക്കാർ സമരത്തിൽ ; കോഴിക്കോട് സിവിൽ സ്റ്റേഷൻ പ്രവർത്തനം സ്തംഭിച്ചു

കോഴിക്കോട് സിവില്‍ സ്റ്റേഷന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിച്ച്‌ എന്‍ജിഒ യൂണിയന്‍റെ സമരം. ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാര്‍ അണിനിരന്ന് സമരം നടത്തുന്നത്. 

കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫീസര്‍മാരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാര്‍ കൂട്ടത്തോടെ സമരത്തിനിറങ്ങിയത്. രണ്ട് ഭരണാനുകൂല സംഘടനകളായ സിപിഎമ്മിന്‍റെ എന്‍ജിഒ യൂണിയനും സിപിഐയുടെ ജോയന്‍റ് കൗണ്‍സിലും തമ്മിലുള്ള ഉള്‍പ്പോരാണ് യഥാര്‍ത്ഥത്തില്‍ സമരത്തിന് പിന്നില്‍ എന്നതാണ് ശ്രദ്ധേയം.

പ്രതിഷേധവിവരം അറിഞ്ഞതിനാലാകാം ഉച്ച വരെ ജില്ലാ കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി കളക്ടറേറ്റില്‍ എത്തിയിട്ടില്ല. വസതിയില്‍ വച്ച്‌ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ചില യോഗങ്ങള്‍ നടത്തിയത്. കളക്ടറെ തടയില്ലെന്നും എന്നാല്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും നേരത്തേ തന്നെ സംഘടനാപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ഒമ്പത് ദിവസമായി സമരത്തിലാണെന്നും, സംഘടന എന്ന നിലയില്‍ നിയമവിരുദ്ധമായി സ്ഥലം മാറ്റിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതാണെന്നും എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം തീരുമാനിച്ച്‌ 2017-ല്‍ ഉത്തരവിറക്കിയതാണ്. അത് ലംഘിച്ചാണ് ഇപ്പോള്‍ 16 റവന്യൂ ഓഫീസര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്.ഒരു തസ്തികയില്‍ മൂന്ന് വര്‍ഷം ഇരിക്കുക പോലും ചെയ്യാത്തവരെ ഒരുമിച്ച്‌ സ്ഥലം മാറ്റിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച്‌ പ്രതികാരനടപടിയെന്നോണം സ്ഥലംമാറ്റിയെന്നാണ് യൂണിയന്‍ ആരോപിക്കുന്നത്.

ഒരാഴ്ച അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കോഴിക്കോട് കളക്ടര്‍ തേജ് ലോഹിത് റെഡ്ഡിക്കും, എഡിഎമ്മിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചതോടെ, പല ആവശ്യങ്ങള്‍ക്കായി കളക്ടറേറ്റില്‍ അടക്കം എത്തിയ പൊതുജനങ്ങള്‍ വലഞ്ഞു. പലരും കാര്യം നടക്കാതെ തിരിച്ച്‌ പോവുകയാണ്.



Post a Comment

Previous Post Next Post