തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു



തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ന്യൂമാഹിക്കടുത്ത് മത്സ്യത്തൊഴിലാളിയായ പുന്നോൽ കൊരമ്പിൽ ഹരിദാസാ(54)ണ് കൊല്ലപ്പെട്ടത്.

ജോലികഴിഞ്ഞ് മടങ്ങവേ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ വീടിന് മുന്നിൽ വെച്ചാണ് ആക്രമണം. ഞായറാഴ്ച ഉച്ചക്കാണ് ഹരിദാസൻ കടലിൽ പോയത്. മടങ്ങിയെത്തുന്നത് കാത്തിരുന്ന സംഘമാണ് ആക്രമിച്ചത്. ബന്ധുക്കളുടെ മുന്നിൽവെച്ചാണ് അക്രമിച്ചത്.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഒരു കാൽ വെട്ടിയെടുത്ത് ഉപക്ഷേിച്ച നിലയിലായിരുന്നു. ശരീരത്തിലുടനീളം ആഴത്തിലുള്ള മുറിവുകളുണ്ട് .

പരേതനായ ഫൽഗുനന്റെയും ചിത്രാംഗിയുടെയും മകനാണ്. ഭാര്യ: മിനി. മക്കൾ: ചിന്നു, നന്ദന. മരുമകൻ : കലേഷ്. സഹോദരങ്ങൾ: ഹരീന്ദ്രൻ, സുരേന്ദ്രൻ (ഓട്ടോഡ്രൈവർ), സുരേഷ് (സിപിഐ എം പുന്നോൽ ഈസ്റ്റ് ബ്രാഞ്ചംഗം), സുജിത, സുചിത്ര.

മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു.കൃത്യമായ ആസൂത്രണത്തോടെയാണ് കൊലനടത്തിയത്. അരുംകൊല നടത്തിയ പ്രതികൾക്കെതിരെ കർശന നടപടിവേണമെന്നും ആവശ്യപ്പെട്ടു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഐ എം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.

Post a Comment

Previous Post Next Post