പയ്യോളിയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ ബസിനടിയിൽപ്പെട്ടു. ബസ് സ്റ്റാൻഡിൽ ബസ് പ്രവേശിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
പയ്യോളി കോടതിയിലെ അഭിഭാഷകനായ മണിയൂർ സ്വദേശി ഷഹാൻ (26) ആണ് അപകടത്തിൽ പെട്ടത്. പയ്യോളി ബസ് സ്റ്റാന്റിന് മുൻവശത്ത് നിന്നും ഷഹാൻ സഞ്ചരിച്ച സ്കൂട്ടർ ബസ്സിനടിയിൽ പെട്ടെങ്കിലും പുറത്തേക്ക് തെറിച്ചു വീണതിനെ തുടര്‍ന്നു ഇദ്ദേഹം നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന വടകര ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽ പെട്ടത്. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ദേശീയപാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ അമിതവേഗതയിൽ പ്രവേശിക്കുന്നത് കാരണം മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Post a Comment