കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച പതിവാകുന്നു. ഇന്നലെ ഒരു യുവാവ് ചാടിപ്പോയതിന് പിന്നാലെ അഞ്ചാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരി ഓട് പൊളിച്ച് രക്ഷപ്പെട്ടു. രാവിലെയാണ് അന്തേവാസി രക്ഷപ്പെട്ട വിവരം പോലീസിനെ അറിയിച്ചത്. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്നലെ ബാത്ത്റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് ചാടിപ്പോയ 21കാരനെ, മെഡിക്കൽ കോളജ് പൊലീസിന്റെ അന്വേഷണത്തിൽ രാത്രി ഷൊർണൂരിൽ നിന്നും കണ്ടെത്തി, മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു. കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും അന്തേവാസികൾ ചാടിപ്പോയിട്ടുണ്ട്. കൂടാതെ ഒരു അന്തേവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.
മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. കെ.എസ്. ഷിനു, ഡോ. ജഗദീശന്‍, മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post a Comment