ബാലുശ്ശേരിയിൽ വിവാഹം കഴിഞ്ഞ് പത്താംദിവസം ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊടുവള്ളി മാനിപുരം മുണ്ടംപുറത്ത് തേജാലക്ഷ്മിയുടെ (18) മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ വടകര എസ്.പിക്ക് പരാതി നല്കി.
ഉണ്ണികുളം ഇയ്യാട് നീറ്റോറച്ചാലില്‍ ജിനുകൃഷ്ണയുടെ ഭാര്യയായ തേജാലക്ഷ്മിയെ കഴിഞ്ഞ ശനിയാഴ്ച ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന് രാവിലെ ഭര്‍ത്താവ് ജിനു വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാര്‍ ചെന്നുനോക്കിയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയ നിലയില്‍ കാണപ്പെട്ടിരുന്നു. തേജാലക്ഷ്മിയെ ഫെബ്രുവരി ഒൻപതിനാണ് ആര്യസമാജത്തില്‍ വെച്ച് ജിനുകൃഷ്ണ രജിസ്റ്റര്‍ വിവാഹം ചെയ്തത്.
ഒൻപതിന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായതായി ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൈകീട്ട് നാലരയോടെ തേജാലക്ഷ്മിയും ജിനുകൃഷ്ണയും കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും വിവാഹിതരായതിന്റെ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ജിനുകൃഷ്ണയോടൊപ്പം പോവുകയുമായിരുന്നു.
ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സിന് ചേര്‍ന്നിരുന്നു തേജാലക്ഷ്മി. മാനിപുരം കാവില്‍ മുണ്ടംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സി.പി.എം മാനിപുരം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
Post a Comment