തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം എന്നിവക്ക് ജില്ലയിൽ നിന്ന് ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അർഹത നേടി. 2020 -21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം നൽകുന്നത്.
കോഴിക്കോടാണ് സംസ്ഥാനത്ത് മുന്നിൽ വരുന്ന കോർപ്പറേഷൻ. ജില്ലാതലത്തിൽ മികവ് തെളിയിച്ച പഞ്ചായത്തുകളിൽ വളയം പഞ്ചായത്ത് ഒന്നാം സ്ഥാനവും പെരുമണ്ണ, മരുതോങ്കര പഞ്ചായത്തുകൾ രണ്ടാം സ്ഥാനവും നേടി. കായണ്ണ, നൊച്ചാട്, പനങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകൾ മഹാത്മാ പുരസ്‌കാരം കരസ്ഥമാക്കി.
സ്വരാജ് ട്രോഫി നേടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാംസ്ഥാനത്തിന് 10 ലക്ഷം രൂപയും നൽകും. ജില്ലകളിൽ സ്വരാജ് ട്രോഫി നേടുന്നവർക്ക് ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും നൽകും.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകളിൽ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി മഹാത്മാ പുരസ്‌കാരം, മഹാത്മാ അയ്യങ്കാളി പുരസ്‌കാരം എന്നിവ വിതരണം ചെയ്യും. ഫെബ്രുവരി 19ന് സംഘടിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചർച്ചയും സംഘടിപ്പിക്കും. ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാതല ആഘോഷ പരിപാടിയിൽ വിതരണം ചെയ്യും.
Post a Comment