നവദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ തൊട്ടിൽപ്പാലം സ്വദേശിയായ പ്രതി കുറ്റകാരനെന്ന് കോടതി.വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്, തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്(45) എന്നയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2018 ജൂലൈലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണത്തിനായി ദമ്പതികളുടെ വീട്ടിലെത്തിയ പ്രതി, ഉറങ്ങി കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചു. മോഷണ ശ്രമത്തിനിടയിൽ ശബ്ദം കേട്ട് ദമ്പതികൾ ഉണർന്നപ്പോൾ ചെറുത്തു നിൽപ്പിനു വേണ്ടി വിശ്വനാഥൻ കൈയില്‍ കരുതിയിരുന്ന കമ്പി വടികൊണ്ട് ദമ്പതികളെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ 2020 നവംബറിലാണ് വിചാരണ ആരംഭിച്ചത്. തിങ്കളാഴ്ച കോടതി ഇയാൾക്കുള്ള ശിക്ഷ വിധിക്കും.
Post a Comment