മുണ്ടിക്കല്‍താഴം ബൈപ്പാസ് റോഡില്‍ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തു.റിട്ടയേര്‍ഡ് അധ്യാപകനും ചെലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടുമായ ബാലകൃഷ്ണ പിളളയാണ് അപകടത്തില്‍ മരിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പതിവുപോലെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു 85 കാരനായ ബാലകൃഷ്ണപിളളയും സുഹൃത്തും റിട്ടയേര്‍ഡ് റവന്യൂ ഉദ്യോഗസ്ഥനായ രാഘവന്‍ നായരും. പാലക്കോട്ട് വയല്‍ ഭാഗത്തു നിന്ന് മുണ്ടിക്കാല്‍താഴെ ബൈപ്പാസ് റോഡരുകിലൂടെ നടന്നു പോകുമ്പോഴാണ് അമിതവേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ മീറ്ററുകള്‍ അകലേക്ക് ഇരുവരും തെറിച്ചുവീണു. തൊട്ടടുത്ത തട്ടുകടയില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ബാലകൃഷ്ണ പിളളയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായിപരിക്കേറ്റ രാഘവന്‍ നായര്‍ കോഴിക്കോട്ടെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
തൊട്ടടുത്തുളള സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് കോവൂര്‍ സ്വദേശി ഓടിച്ച കാറാണ് അപകടം സൃഷ്ടിച്ചത്. വാഹനം സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഉടമയ്ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് കേസ് എടുത്തത്.
Post a Comment