ആരും പട്ടിണികിടക്കരുത് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മന്ത്രി ജി.ആര്‍. അനില്‍


ഉദയം ഹോമിലെ അന്തേവാസികള്‍ക്കനുവദിച്ച ഭക്ഷ്യധാന്യ റേഷന്‍ പെര്‍മിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കിയ ഉദയം ഹോമിലെ അന്തേവാസികള്‍ക്കനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള റേഷന്‍ പെര്‍മിറ്റ് വിതരണോദ്ഘാടനം ചേവായൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് സമഗ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷ്യധാന്യം നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, മതസ്ഥാപനങ്ങള്‍, തുടങ്ങിയ കേന്ദ്രങ്ങള്‍ക്കും റേഷന്‍ വഴി ഭക്ഷ്യവിതരണം നടത്തി വരുന്നുണ്ട്. കേരളത്തിലെ ഊരുകളില്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നുണ്ടെന്നും ഏറ്റവും ദുര്‍ബലരായവരെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ടുപോകുകയാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. അര്‍ഹമായ കൈകളില്‍ റേഷന്‍ വിഹിതം എത്തുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.  

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, വാര്‍ഡ്  കൗണ്‍സിലര്‍ ഡോ. പി.എന്‍. അജിത, ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിത കുമാരി, റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ. മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post