പ്രകൃതിവാതകത്തിന് പണം റൂബിളിൽ തരണം; കറൻസി മൂല്യമുയർത്താൻ പുടിന്റെ തന്ത്രം


മോസ്കോ: റഷ്യൻ കറൻസിയായ റൂബിളിൽ പണമടച്ചാൽ മാത്രമേ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള സൗഹൃദമില്ലാത്ത രാജ്യങ്ങൾക്ക് പ്രകൃതിവാതകം നൽകൂ എന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് റൂബിളിന്റെ മൂല്യം വലിയതോതിൽ തകർന്ന പശ്ചാത്തലത്തിലാണ് റഷ്യ പുതിയ തന്ത്രം പയറ്റുന്നത്. പുതിന്റെ സുപ്രധാന പ്രഖ്യാപനത്തിന് പിന്നാലെ ഡോളറിനും യൂറോയ്ക്കുമെതിരേ റൂബിളിന്റെ മൂല്യം ഉയരുകയും ചെയ്തു. 

യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ റഷ്യയിൽനിന്നുള്ള പ്രകൃതിവാതകത്തിന് വില റൂബിളിൽ നൽകേണ്ടി വരുമ്പോൾ റൂബിളിന്റെ ആവശ്യം വർധിക്കും. വിലയും ഉയരും. ഇതുവഴി വിപണിയിൽ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാനും റഷ്യയ്ക്കാകും. യൂറോപ്പിലേക്കും അമേരിക്കയിലേക്കും തങ്ങളുടെ ചരക്കുകൾ വിതരണം ചെയ്ത് ഡോളറിലും യൂറോയിലും മറ്റും പണം വാങ്ങുന്നതിൽ ഇനി അർഥമില്ല. അതുകൊണ്ടാണ് പുതിയ നടപടികൾ പ്രാവർത്തികമാക്കുന്നതെന്നും പുതിൻ പറഞ്ഞു. 

കരാർ പ്രകാരം റഷ്യ വിതരണം ചെയ്യുന്ന പ്രകൃതിവാതകം അതേ അളവിൽ തുടർന്നും നൽകുമെന്നും പുതിൻ വ്യക്തമാക്കി. റഷ്യൻ സെൻട്രൽ ബാങ്കിൽ പുതിയ പേയ്മെന്റ് സംവിധാനം ഒരാഴ്ചയ്ക്കുള്ളിൽ നടപ്പിലാക്കാനും പുതിൻ ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post