പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടങ്ങി.


കോഴിക്കോട് : സർക്കാർ മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടങ്ങി. പരാതിക്കാരി ഹർഷിനയുടെ വീട്ടിലെത്തി സംഘം മൊഴിയെടുത്തു.

ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷൽ ഓഫിസർ ഡോ. അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അടിവാരത്തുള്ള ഹർഷിനയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കൽ ഒന്നര മണിക്കൂർ നീണ്ടു. സംഘം മെഡിക്കൽ കോളജ് ജീവനക്കാരുടെയും വിശദമായ മൊഴിയെടുക്കും. റിപ്പോർട്ട് ഉടൻ നൽകുമെന്ന് ഡോ. അബ്ദുൾ റഷീദ് പറഞ്ഞു.

നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരി ഹർഷിന പ്രതികരിച്ചു. അതേസമയം വയറ്റിൽ നിന്ന് കണ്ടെടുത്ത കത്രിക കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടേതല്ലെന്ന് ആഭ്യന്തര അന്വേഷണ സംഘം പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകി. അന്നേ ദിവസം ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ല. കണക്കെടുപ്പിൽ എല്ലാം കൃത്യമായി രേഖപെടുത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തര  അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2017 ലാണ് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്നാണ് പരാതി. അഞ്ചു വർഷത്തിന് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് പുറത്തെടുത്തത്.

Post a Comment

Previous Post Next Post