വാർത്തകൾ ഒറ്റനോട്ടത്തിൽ.

◾തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍. ജയലളിതയ്ക്കു ഹൃദയ ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ശശികല അനുവദിച്ചില്ല. 2012 മുതല്‍ ജയലളിതയും തോഴി ശശികലയും നല്ല ബന്ധത്തിലായിരുന്നില്ല. 2016 സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ എല്ലാം രഹസ്യമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കമ്മീഷന്‍ തമിഴ്നാട് നിയമസഭയില്‍ വച്ചു.

◾സംസ്ഥാനത്തെ ഭരണസ്തംഭനത്തിനു പരിഹാരം. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ തകരാര്‍ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ പരിഹരിച്ചു. ഇ ഓഫീസ് സോഫ്റ്റ് വെയര്‍ തകരാര്‍മൂലം വെള്ളിയാഴ്ച ഉച്ചമുതല്‍ ഫയല്‍നീക്കം സ്തംഭിച്ചിരിക്കുകയായിരുന്നു. സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും ഡിജിറ്റല്‍ ഫയലുകള്‍ തുറക്കാനായിരുന്നില്ല.

◾തെരഞ്ഞെടുപ്പു ദിവസം അവധിയെടുത്ത് വോട്ടു ചെയ്യാത്തവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് ചെയ്യാന്‍ അവധിയെടുത്ത് വോട്ട് ചെയ്യാത്തവരുടെ പേരു പ്രസിദ്ധീകരിക്കാന്‍ ഗുജറാത്തിലെ ആയിരത്തിലേറെ വ്യവസായ സ്ഥാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധാരണാപത്രം ഒപ്പിട്ടു.

◾ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിയമനിര്‍മ്മാണത്തിന്റെ പുരോഗതി  രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് സ്റ്റേറ്റ് അറ്റോണിയോട് കോടതി നിര്‍ദ്ദേശിച്ചു.

◾വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിക്ക് അദാനിയെ പേടിയാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അദാനിയും സര്‍ക്കാരും തയാറാകണം. അദാനിയുമായി സംസാരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറ്റണം. തുറമുഖ നിര്‍മാണം കാരണം തീരശോഷണം ഉണ്ടായി. സമരത്തിന് യുഡിഎഫ് പിന്തുണ ഉണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

◾എകെജി സെന്റര്‍ ആക്രമണ കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്. സുഹൈല്‍ ഷാജഹാന്‍, ടി നവ്യ, സുബീഷ് എന്നിവര്‍ക്കെതിരേയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.

◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനും എതിരെയുള്ള വകുപ്പുകള്‍ കൂടി ചുമത്തി. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങളും മദ്യക്കുപ്പിയും കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു.

◾നെല്ലു സംഭരണത്തിലെ പ്രതിസന്ധിയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കര്‍ഷക സമരം. പാഡി ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. മില്ലുകള്‍ക്കു വന്‍ സൗജന്യം നല്‍കുന്ന വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ക്വിന്റലിന് 5 കിലോ നെല്ല് സൗജന്യമായി നല്‍കണം, ഈര്‍പ്പം 17 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ഒരു കിലോ വീതം കൂടുതല്‍ നല്‍കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. ഇതംഗീകരിച്ചാല്‍ ക്വിന്റലിന് 4000 രൂപ വരെ നഷ്ടമെന്ന് കര്‍ഷകര്‍ പറഞ്ഞു.

◾കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ് കെ ജയരാമന്‍. വൃശ്ചികം ഒന്നിന് സ്ഥാനമേല്‍ക്കും. മാളികപ്പുറം മേല്‍ശാന്തിയായി കോട്ടയം വൈക്കം സ്വദേശി ഹരിഹരന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു.

◾നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല പറഞ്ഞെന്നു പോലീസ്. ഒരു വര്‍ഷം മുമ്പ് എറണാകുളത്തുവെച്ച് കൊലപാതകം നടത്തി മാംസം വിറ്റെന്നു ഷാഫി പറഞ്ഞെന്നാണു മൊഴി. എന്നാല്‍, ഇത് ലൈലയേയും ഭഗവത് സിംഗിനേയും വിശ്വസിപ്പിക്കാന്‍ പറഞ്ഞ കളളമാണെന്നാണ് ഷാഫിയുടെ വിശദീകരണമെന്നു പൊലീസ് പറഞ്ഞു. നരബലിക്കു പിന്നില്‍ അവയവ മാഫിയയെന്ന പ്രചരണം പൊലീസ് തള്ളി.

◾എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സര്‍ക്കാര്‍ നിലപാട് ക്രൂരമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. 2017നു ശേഷം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഡേ കെയര്‍ സംവിധാനം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

◾ജനങ്ങള്‍ വോട്ടു ചെയ്ത് ജയിച്ചെത്തിയ തങ്ങള്‍ക്ക് ഗവര്‍ണറെ പേടിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍ക്കും ബാധകമാണെന്ന് ഓര്‍ക്കണം. കൈരേഖയാണ് ഗവര്‍ണര്‍ കാണിക്കുന്ന രേഖ എന്ന വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് മന്ത്രി പറഞ്ഞു.

◾ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ വിവാദകേന്ദ്രങ്ങളാക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ചില നിക്ഷിപ്ത താല്‍പ്പര്യക്കാണ് ഇതിനു പിന്നില്‍. വിവാദങ്ങള്‍ അവഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

◾കെ എസ് യു പുന:സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത് രാജിവയ്ക്കുന്നു. 2017ല്‍ രണ്ടു വര്‍ഷത്തേക്കാണ് അഭിജിത് ചുമതലയേറ്റത്. എന്നാല്‍, 5 വര്‍ഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നത്.

◾തോട്ടംതൊഴിലാളി രാഷ്ട്രീയ രംഗത്തും തൊഴിലാളിയായി നിന്നാല്‍ മതിയെന്ന എം.എം മണിയുടെ നിലപാട് അദ്ദേഹത്തിന്റേതല്ല, പിറികില്‍നിന്ന് പറയിപ്പിക്കുന്നവരുടേതാണെന്ന് മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. തന്നെ കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത മണിക്ക് അതിനു കഴിയുമോയെന്നും രാജേന്ദ്രന്‍ ചോദിച്ചു.

◾സെനറ്റ് അംഗത്വം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ പുറത്താക്കപ്പെട്ട സിപിഎം സെനറ്റ് അംഗങ്ങള്‍. ഇതിനായി നിയമോപദേശം തേടി. നോട്ടീസ് നല്‍കാതെ സെനറ്റ് അംഗത്വം റദ്ദാക്കിയത് ചട്ടവിരുദ്ധമാണെന്നാണു വാദം. രണ്ട് സിപിഎം അംഗങ്ങള്‍ അടക്കം 15 പേരെയാണ് ഗവര്‍ണര്‍ അയോഗ്യരാക്കിയത്.

◾ശനിയാഴ്ച വരെ വ്യാപക മഴയ്ക്കു സാധ്യത. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. നാളെയും ഇതേ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

◾മാളയില്‍ കഞ്ചാവ് കടത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റു. മാള സ്വദേശി കളപ്പുരയ്ക്കല്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ പിടികൂടി. ഇയാളുടെ കയ്യിലുണ്ടായിരുന്ന കഞ്ചാവ് വലിച്ചെറിഞ്ഞെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ ഇത് കണ്ടെടുത്തു.

◾കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി. 15 ഗ്രാം എംഡിഎംഎയുമായി വടവാതൂര്‍ സ്വദേശി അക്ഷയ് ആണ് പിടിയിലായത്.

◾സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് വിജയവാഡയില്‍ സമാപിക്കും. ജനറല്‍ സെക്രട്ടറിയായി ഡി.രാജ തെരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ കൗണ്‍സില്‍, എക്സിക്യൂട്ടിവ് തെരഞ്ഞെടുപ്പുകളും നടക്കും. സിപിഐ ഭാരവാഹികള്‍ക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി അംഗീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള കെ ഇ ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി.വി ബാലന്‍, സി.എന്‍ ജയദേവന്‍ തുടങ്ങിയവര്‍ ഒഴിവായി. കേരളത്തില്‍നിന്ന് ദേശീയ കൗണ്‍സിലില്‍ എത്തിയ നേതാക്കളുടെ എണ്ണം 11ല്‍ നിന്ന് 13 ആയി ഉയര്‍ന്നു.

◾കല്ലുവാതുക്കലില്‍ 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ മോചനത്തിനു 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ശിക്ഷാ വിധിയിലെ പിഴ ഒഴിവാക്കാനാകില്ല. പിഴത്തുക മദ്യദുരന്തത്തിലെ ഇരകളുടെ ആശ്രിതര്‍ക്കു നല്‍കാനുള്ളതാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

◾ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളംകുളങ്ങര വാഴപ്പള്ളി വീട്ടില്‍ അനു ഐസക്ക് (26) ആണ് പിടിയിലായത്. ആശുപത്രിയിലെ വാട്ടര്‍ പ്യൂരിഫയര്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഇവർ നശിപ്പിച്ചിരുന്നു.

◾കൊല്ലം നീണ്ടകരയില്‍ ടഗ് ബോട്ട് നിയന്ത്രണംവിട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി. ടഗ് ബോട്ടില്‍ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി. മുംബൈയില്‍ നിന്നുള്ള സാവിത്രി എന്ന ടഗ്ഗാണ് അപകടത്തില്‍പ്പെട്ടത്.

◾ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പുരിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് മുന്നേറ്റം. നാഗ്പൂര്‍ പ്രദേശത്തെ 13 ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ ഒമ്പതും കോണ്‍ഗ്രസ് നേടി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലെ 13ല്‍ എട്ടും കോണ്‍ഗ്രസിനാണ്. മൂന്നു ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം മാത്രമാണ് ബിജെപിക്കുള്ളത്. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ തട്ടകവും ആര്‍എസ്എസിന്റെ ആസ്ഥാനവുമായ നാഗ്പൂരില്‍ തിരിച്ചടിയേറ്റതിന്റെ ഞെട്ടലിലിലാണു ബിജെപി.  

◾ജഡ്ജിമാരുടെ നിയമനം നടത്തുന്ന സുപ്രീം കോടതി കൊളീജിയത്തെ വിമര്‍ശിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു. ജുഡീഷ്യറിയിലെ ആഭ്യന്തര രാഷ്ട്രീയം നിയമനങ്ങളില്‍ കാണാമെന്നും സുതാര്യമല്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഭരണഘടനയുടെ മറ്റു രണ്ടു തൂണുകള്‍ക്കും പിഴവുണ്ടായാല്‍ തിരുത്താന്‍ ജുഡീഷ്യറിയുണ്ട്. എന്നാല്‍, ജുഡീഷ്യറിക്കു പിഴച്ചാല്‍ പരിഹരിക്കാന്‍ മാര്‍ഗമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

◾തമിഴ്നാട്ടില്‍ 13 പേര്‍ കൊല്ലപ്പെട്ട തൂത്തുക്കുടി വെടിവയ്പു കേസില്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കുറ്റക്കാര്‍ക്കെതിരേ നടപടി ശുപാര്‍ശ ചെയ്തുകൊണ്ടാണ് അരുണ ജഗദീശന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് തമിഴ്നാട് നിയമസഭയുടെ മേശപ്പുറത്തുവച്ചു. 17 പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

◾ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. ഭാട്ടയില്‍നിന്നും കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് ഗരുഡ് ഛത്തിയിലെ മലഞ്ചെരുവില്‍ തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാരും നാല് യാത്രക്കാരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

◾ഡല്‍ഹി ഉള്‍പ്പടെ നാലു സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്.  രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് റെയ്ഡ്. 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് പരിശോധന.

◾ജമ്മു കശ്മീരില്‍ ഭീകരാക്രമണം. രണ്ടു കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹര്‍മേനിലാണ് ഭീകരാക്രമണം ഉണ്ടായത്. യു.പി സ്വദേശികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ ഇമ്രാന്‍ ബഷീര്‍ ഗനി അറസ്റ്റിലായി.
 
◾മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി വായ്പ വാങ്ങിയ 1,500 രൂപ തിരിച്ചടയ്ക്കാതിരുന്ന യുവാവിനെ ബൈക്കില്‍ കെട്ടി രണ്ടുകിലോമീറ്റര്‍ ഓടിച്ചു. ഒഡീഷയിലാണ് സംഭവം. 22കാരനായ ജഗന്നാഥ് ബെഹറയെ ബൈക്കില്‍ കെട്ടി ഓടിച്ച ബ്ലേഡ് മാഫിയയിലെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.

◾മദ്യനയ കേസില്‍ ചോദ്യംചെയ്ത സിബിഐ ഉദ്യോഗസ്ഥര്‍ ബിജെപിയില്‍ ചേരണമെന്നു ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ വൈകുന്നേരം അഞ്ചിനകം മാപ്പ് പറയണമെന്ന് ബിജെപി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച സിസോദിയയെ പാഠം പഠിക്കുമെന്നു ബിജെപി വക്താവ് കപില്‍ മിശ്ര പറഞ്ഞു.

◾ലോകകപ്പ് മുന്‍ ജേതാവ് റോജര്‍ ബിന്നിയെ ബിസിസിഐ പ്രസിഡന്റായി നിയമിച്ചു. മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് തീരുമാനം. എതിരില്ലാതെയാണ് റോജര്‍ ബിന്നി തെരഞ്ഞെടുത്തത്. 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമാണ് റോജര്‍ ബിന്നി. ജയ് ഷാ സെക്രട്ടറിയായി തുടരും.

◾5ജി മുന്നേറ്റത്തില്‍ ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തതായി  അറിയിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയുടെ ഹുവായ് ഉപയോഗത്തെ  നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലാണ് റിലയന്‍സ് - നോക്കിയ കരാര്‍ എന്നതും ശ്രദ്ധേയമാണ്. 420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള റിലയന്‍സ് ജിയോയ്ക്ക് 5ജി റേഡിയോ ആക്‌സസ് നെറ്റ് വര്‍ക്ക്  ഉപകരണങ്ങള്‍ ഒന്നിലധികം വര്‍ഷത്തെ കരാറിലാണ് നോക്കിയ വിതരണം ചെയ്യുന്നതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.

◾ആപ്പിള്‍ ഐഫോണ്‍ 14ന്റെ വില്പന കുറയുന്നതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി വില്പനയില്‍ ഇടിവ് സംഭവിച്ചതിന്റെ കാരണം തേടുകയാണ് ആപ്പിള്‍. ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയോടുള്ള പ്രതികരണത്താലാണ് ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയുടെ വില്‍പന ഇടിഞ്ഞതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 79,900 രൂപ തുടക്കവിലയിട്ടാണ് ഐഫോണ്‍ 14 വില്പനയ്ക്ക് എത്തിയത്. ഐഫോണ്‍  14 പ്ലസിന്റെ വില ആരംഭിക്കുന്നത് 89,900 രൂപ മുതലാണ്. നീല, മിഡ്‌നൈറ്റ്, പര്‍പ്പിള്‍, സ്റ്റാര്‍ലൈറ്റ്, ചുവപ്പ് നിറങ്ങളില്‍ ഫോണുകള്‍  ലഭ്യമാണ്. ഐഫോണ്‍ 14 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 1,29,900 രൂപയിലാണ്. ഐഫോണ്‍ 14 പ്രോ മാക്‌സ് ആരംഭിക്കുന്നത് 1,39,900 രൂപ മുതലാണ്. ഡീപ് പര്‍പ്പിള്‍, ഗോള്‍ഡ്, സില്‍വര്‍, സ്‌പേസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ പ്രോ മോഡലുകള്‍ ലഭിക്കും.

◾അമിതാഭ് ബച്ചന്‍ നായകനാകുന്ന പുതിയ സിനിമയാണ് 'ഉഞ്ജായി'. അനുപം ഖേറും ബൊമന്‍ ഇറാനിയും ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്. 'ഉഞ്ജായി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചനും സുഹൃത്തുക്കളും ജീവിതം ആഘോഷിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മല കയറുന്ന അമിതാഭ് ബച്ചനെയും അനുപം ഖേറിനെയും ബൊമന്‍ ഇറാനിയെയും കാണാവുന്ന പോസ്റ്റര്‍ വന്‍ ഹിറ്റായിരുന്നു. നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുക. സൂരജ് ബര്‍ജത്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

◾കൃതി സനോണ്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'ഭേഡിയ'. വരുണ്‍ ധവാന്‍ ആണ് ചിത്രത്തിലെ നായകന്‍. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ 'ഭേഡിയ' എന്ന ചിത്രത്തിലെ കൃതി സനോണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. 'ഡോ. അനിക' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഷ്ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിന്‍ - ജിഗാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 'ഭേഡിയ'യില്‍ 'ഭാസ്‌കര്‍' എന്ന കഥാപാത്രമായിട്ടാണ് വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തിലുണ്ടാകും. 2018ലെ 'സ്ത്രീ', 2021ലെ 'രൂഹി' എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഇത്.

◾ടിവിഎസിന്റെ പിന്തുണയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അള്‍ട്രാവയലറ്റ് എ77 2022 നവംബര്‍ 24-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2019 നവംബറില്‍ മോട്ടോര്‍സൈക്കിളിന്റെ പ്രീ-പ്രൊഡക്ഷന്‍ പതിപ്പിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ബ്രാന്‍ഡിന്റെ പുതിയ നിര്‍മ്മാണ, അസംബ്ലി ഫാക്ടറിയിലാണ് പുതിയ അള്‍ട്രാവയലറ്റ് എഫ്77 നിര്‍മ്മിക്കുക. 70,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ സൗകര്യം ആദ്യ വര്‍ഷം ഏകദേശം 15000 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കും. പ്രതിവര്‍ഷം 1,20,000 യൂണിറ്റുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ഈ സൗകര്യം പ്രാപ്തമാകും.

Post a Comment

Previous Post Next Post