ഭൂമി തരം മാറ്റം: അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കും- മന്ത്രി കെ. രാജൻ.

ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. അഞ്ചു മാസത്തിനകം മലപ്പുറം ജില്ലയിൽ 10,000 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന വിവിധ പരിപാടികളുടെ പുരോഗതി വിലയിരുത്തിയതിനു ശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭുമി തരംമാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാക്രമം നിശ്ചയിച്ചാണ് തീർപ്പാക്കുന്നത്. നിയമപരമായി തടസ്സമില്ലാത്ത അപേക്ഷകളെല്ലാം കാലതാമസം കൂടാതെ തീർപ്പാക്കുന്നുണ്ട്. 2022 ജനുവരി 31 വരെ ഓഫ് ലൈനായും ശേഷം ഓൺലൈനായുമാണ് തരംമാറ്റ അപേക്ഷകൾ സ്വീകരിക്കുന്നത്.

ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിൽ 2,12,169 അപേക്ഷകളാണ് ഓഫ് ലൈനായി ലഭിച്ചത്. ഈ അപേക്ഷകളിൽ റവന്യൂ വകുപ്പ് സ്വീകരിച്ച പ്രത്യേക നടപടിയുടെ ഫലമായി 96.41 ശതമാനവും തീർപ്പാക്കിയിട്ടുണ്ട്. 7619 അപേക്ഷകൾ മാത്രമാണ് ഇനി ഓഫ് ലൈനായി തീർപ്പാക്കാനുള്ളത്. 2,04,550 അപേക്ഷകൾ 2022 ഡിസംബർ 31 നകം തീർപ്പാക്കിയിട്ടുണ്ട്. ഭൂമി തരംമാറ്റുന്നതിനായി 1.92 ലക്ഷം ഓൺലൈൻ അപേക്ഷകളാണ് നിലവിലുള്ളത്. കൂടാതെ ഓരോ ദിവസവും ശരാശരി 500 അപേക്ഷകൾ പുതുതായി സമർപ്പിക്കപ്പെടുന്നുമുണ്ട്. ആറ് മാസം കൊണ്ട് നിലവിലുള്ള അപേക്ഷകൾ പൂർണ്ണമായും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലയിൽ തിരൂർ, പെരിന്തൽമണ്ണ റവന്യൂ ഡിവിഷനകളിലായി 59 ക്ലർക്കുമാരെയും 21 സർവ്വേയർമാരെയും ഭൂമി തരംമാറ്റൽ ഫയലുകൾ തീർപ്പാക്കാനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇവർക്കായി 15 വാഹനങ്ങളും പ്രത്യേകം നൽകി. തിരൂരിൽ കഴിഞ്ഞ രണ്ട് മാസം കൊണ്ട് 2300 തരംമാറ്റം അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. ഓഫ് ലൈൻ അപേക്ഷകളിൽ 843 അപക്ഷകൾ മാത്രമാണ് ഇനി തീർപ്പാക്കാനുള്ളത്. 7345 അപേക്ഷകൾ ഓൺലൈനായും ഉണ്ട്. ഈ മാസം 31 നകം ഓഫ് ലൈൻ അപേക്ഷകൾ തീർപ്പാക്കാൻ സബ്കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 ജൂൺ മാസം വരെയുള്ള ഓൺലൈൻ അപേക്ഷകളിൽ താഴെതട്ടിൽ നിന്ന് റിപ്പോർട്ട് ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post