തീരജനസമ്പർക്ക സഭ: പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു.

വിവിധ സർക്കാർ വകുപ്പുകളിൽ പരിഹാരമാകാതെ കിടന്ന മത്സ്യതൊഴിലാളികളുടെ പരാതികൾക്ക് ആശ്വാസമായി കൊയിലാണ്ടിയിൽ നടന്ന ജില്ലയിലെ നാലാമത്തെ തീരജനസമ്പർക്ക സഭ. കൊയിലാണ്ടി ഗവ: റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ  നടന്ന അദാലത്തിൻ്റെ ഉദ്ഘാടനം  കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി  മുഖ്യാതിഥിയായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ മത്സ്യതൊഴിലാളി മേഖലയിലെ ഉന്നത നേട്ടം കൈവരിച്ചവരെ ആദരിച്ചു.  അൽ അസ്ഹർ മെഡിക്കൽ കോളേജിൽ എംബിബിഎസ് അഡ്മിഷൻ നേടിയ ദീപ്‌ന പ്രസന്നൻ ചെറിയ മങ്ങാട്, മികച്ച എൻഎസ്എസ് വളണ്ടിയർ കാവേരി മനോഹരൻ എന്നിവരെയാണ് ആദരിച്ചത്.

കൗൺസിലർമാരായ  സുധാകരൻ,  ബബിത,വൈശാഖ്,വി.പി ഇബ്രാഹിം കുട്ടി,അസീസ് മാസ്റ്റർ,റഹ്മത്, ‌രത്നവല്ലി ടീച്ചർ, സിന്ധു സുരേഷ്‌ എന്നിവരും വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായി. ഫിഷറീസ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ സ്വാഗതവും  കൊയിലാണ്ടി ജിആർഎഫ്ടിഎച്ച്എസ് പ്രധാനധ്യാപിക സുചേത ടീച്ചർ നന്ദിയും പറഞ്ഞു.

ചേമഞ്ചേരി പഞ്ചായത്ത്  മുതൽ പയ്യോളി മുനിസിപ്പാലിറ്റി വരെയുള്ള തീരദേശത്തെ മത്സ്യ തൊഴിലാളികളുടെ  പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ആകെ ലഭിച്ച 328 പരാതികളിൽ 143 എണ്ണം തീർപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു.
ഫിഷറീസ്സ്, റവന്യു, സിവിൽ സപ്ലൈസ്‌, മത്സ്യഫെഡ്, ലോൺ സംബന്ധമായവ, പുനർഗേഹം, ലൈഫ്മിഷൻ, കെ.എസ്.ഇ.ബി, സഹകരണം തുടങ്ങി 19 വകുപ്പുകളിൽ പരിഹാരിക്കാതെ കിടന്ന മത്സ്യതൊഴിലാളികളുടെ  പരാതികൾക്കാണ് തീരജന സമ്പർക്ക സഭയിൽ പരിഹാരമായത്.

Post a Comment

Previous Post Next Post