◾സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. കഴിഞ്ഞ വര്‍ഷം സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
◾ഇരവികുളം ദേശിയോദ്യാനത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഇടുക്കി മാങ്കുളം പഞ്ചായത്തിനെ സര്‍ക്കാരിന്റെ ബഫര്‍ സോണ്‍ മാപ്പില്‍ കാണാനില്ല. ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ ഹെല്‍പ് ഡെസ്‌ക് പോലൂം തുടങ്ങാനാവാത്ത അവസ്ഥയിലാണ് മാങ്കുളം പഞ്ചായത്ത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപെട്ട് പഞ്ചായത്ത് സര്‍ക്കാറിനെ സമീപിച്ചു. പരാതി നല്‍കാനുള്ള അവസാന ദിവസം ശനിയാഴ്ചയാണ്.
◾പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 നു വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
◾മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ഭരണഘടനാ പരാമര്‍ശത്തിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന ഹര്‍ജി തിരുവല്ല കോടതി തള്ളി. ഹൈക്കോടതിയിലെ കേസില്‍ തീരുമാനമാകും വരെ സജിക്കെതിരായ കേസില്‍ വിധി പറയരുതെന്ന് ആവശ്യവും നിരാകരിച്ചു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അഡ്വ. ബൈജു നോയല്‍ നല്‍കിയ ഹര്‍ജി തള്ളിയത്.
◾പോക്സോ കേസ് ഇരകള്‍ ഉള്‍പ്പടെയുളള 568 പേര്‍ക്കായി 12 കോടി 99 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. നഷ്ടപരിഹാരത്തുക നല്‍കാത്തതിനെതിരേ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിറകേയാണ് തുക അനുവദിച്ചത്.
◾കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നല്‍കാമെന്ന് സുപ്രിം കോടതി. ബസുകളുടെ ഏതു ഭാഗത്ത് എത്ര വലുപ്പത്തില്‍ പരസ്യം പതിക്കാം എന്നതടക്കമുള്ള സ്‌കീം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവില്‍നിന്ന് സംരക്ഷണം നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വര്‍ക്കല എംഎല്‍എയായ വി. ജോയിയെ തെരഞ്ഞെടുത്തു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി. ജോയിയുടെ പേര് നിര്‍ദേശിക്കപ്പെട്ടത്. പല മുതിര്‍ന്ന നേതാക്കളുടേയും പേരുകള്‍ വന്നെങ്കിലും സമവായമെന്ന നിലയിലാണ് വി. ജോയിക്കു നറുക്കുവീണത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
◾നടന്‍ ഗോവിന്ദന്‍കുട്ടിയ്ക്കെതിരെ മറ്റൊരു ബലാത്സംഗ കേസ്‌കൂടി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. 2021-ലും കഴിഞ്ഞ വര്‍ഷവുമായി മൂന്ന് തവണ ഗോവിന്ദന്‍ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് പരാതി. കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിരുന്നു.
◾കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ ഉമാ പ്രസന്നന്‍ എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അഞ്ചല്‍ സ്വദേശി നാസു (24) അറസ്റ്റിലായി. അപസ്മാരം ബാധിച്ചാണ് യുവതി മരിച്ചതെന്നാണ് നാസുവിന്റെ മൊഴി.
◾കൊടൈക്കനാല്‍ വനത്തില്‍ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെ വനത്തില്‍നിന്നുതന്നെ കണ്ടെത്തി. പൂണ്ടിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ കത്രികാവട എന്ന വനത്തില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. മരംവെട്ടുകാര്‍ ആണ് ഇവരെ കണ്ടെത്തി വനമേഖലയില്‍ ഫയര്‍ ലൈന്‍ തെളിക്കുന്നവരെ വിവരം അറിയിച്ചത്. പൊലീസും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സംഘവും ചേര്‍ന്ന് വനത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു.
◾സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ഇരട്ടിയാക്കിയ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി അഞ്ചര ലക്ഷം രൂപ അനുവദിക്കും. 2016 ല്‍ ചിന്ത ജെറോം ചുമതലയേല്‍ക്കുമ്പോള്‍ ശമ്പളം അന്‍പതിനായിരം രൂപയായിരുന്നു. 2018 ല്‍ ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ചിന്തയുടെ അപേക്ഷ നിരസിക്കണമെന്ന ധനവകുപ്പിന്റെയും യുവജനക്ഷേമവകുപ്പിന്റെയും ഉത്തരവുകള്‍ തിരുത്തിയാണ് ധനമന്ത്രിയാണ് പണം അനുവദിച്ചത്.
◾സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിയെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സജി ചെറിയാനെതിരെ ബിജെപി നിയമ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾എറണാകുളം വരാപ്പുഴയില്‍ തമിഴ്നാട് സ്വദേശി ചന്ദ്രന്റെയും കുടുംബത്തിന്റെയും തിരോത്ഥാനത്തിന് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമെന്ന് കണ്ടെത്തല്‍. ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം വരാപ്പുഴ പൊലീസിനു മനുഷ്യക്കടത്തു വിവരം ലഭിച്ചത്. 2018 ലാണ് തമിഴ്നാട് സ്വദേശി ചന്ദ്രന്‍, ഭാര്യ കണ്ണകി, മൂന്നു മക്കള്‍ മറ്റു രണ്ടു ബന്ധുക്കള്‍ എന്നിവരടക്കം ഏഴു പേരെ കാണാതായത്.
◾തിരുവനന്തപുരം പട്ടത്ത് വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറൂടെ മകള്‍ സാന്ദ്രയാണ് മരിച്ചത്.
◾എടപ്പാള്‍ കോലളമ്പ് സ്വദേശിയും പ്രവാസിയുമായ യുവാവിനെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി കെട്ടിയിട്ട് മര്‍ദ്ദിച്ച് നഗ്ന വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനടക്കം മൂന്നു പേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. കാളാച്ചാല്‍ സ്വദേശി പുല്ലൂര് വളപ്പില്‍ നിസാമുദ്ധീന്‍(22), കോലളമ്പ് കോലത്ത് സ്വദേശി വാക്കുളങ്ങര അസ്ലം (22) എന്നിവരാണ് പിടിയിലായത്. 21 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
◾സൈലന്റ് വാലി ദേശീയോദ്യാനത്തിലെ ഏഴാമത് പക്ഷി സര്‍വെയില്‍ 17 ഇനം പുതിയ പക്ഷികളെ കണ്ടെത്തി. ഡിസംബര്‍ 27 മുതല്‍ മൂന്ന് ദിവസമായിരുന്നു ഉള്‍ക്കാട്ടില്‍ പക്ഷി സര്‍വെ. മുപ്പതോളം പക്ഷി നിരീക്ഷകരും വനംവകുപ്പ് ജീവനക്കാരും സര്‍വേയില്‍ പങ്കാളികളായി. കാട്ടിനുള്ളില്‍ ഏഴു ക്യാമ്പുകളിലായി താമസിച്ചായിരുന്നു വിവരശേഖരണം.
◾പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഏട്ടു പേരുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിനെതിരെ മുത്തൂറ്റ് കുടുംബം നല്‍കിയ അപ്പീലില്‍ സുപ്രിം കോടതി നോട്ടീസ് അയച്ചു. 2019 സെപ്റ്റംബര്‍ അഞ്ചിനാണ് പോള്‍ മുത്തൂറ്റ് വധക്കേസില്‍ രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ള ഏട്ട് പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയത്.
◾തിരുവനന്തപുരം മംഗലപുരത്ത് വിളയുന്ന 60 തെങ്ങുകള്‍ മുറിച്ചു കടത്തി. മംഗലപുരം തോന്നയ്ക്കലില്‍ ഷമീന മന്‍സിലില്‍ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കര്‍ വരുന്ന പുരയിടത്തിലെ തെങ്ങുകളാണ് മുറിച്ചു കടത്തിയത്. അയല്‍വാസികള്‍ സ്ഥലമുടയെ വിളിച്ചറിയിച്ചപ്പോഴാണ് വിവരമറിഞ്ഞത്. പരാതിയില്‍ പോലീസ് കേസെടുത്തു.
◾നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ സുനുവിനെ, പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി ഇന്ന് ഓണ്‍ലൈന്‍ ഹിയറിംഗ്. ഹാജരാകാന്‍ ഡിജിപി ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ഹാജരായില്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തുന്നത്.
◾ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം വേണം. നയന സ്വയം പരിക്കേല്‍പ്പിച്ചെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല. മുന്‍വാതില്‍ അടച്ചിരുന്നെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്കു രക്ഷപ്പെടാം. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ആലപ്പുഴ കളര്‍കോട് ശബരിമല തീര്‍ത്ഥാടക സംഘത്തിന്റെ വാഹനത്തിന്റെ ചില്ല് യുവാവ് തകര്‍ത്തു. സംഘത്തിലെ ഒമ്പതുവയസുകാരിക്ക് പരിക്കേറ്റു. യുവാവിനൊപ്പം ഉണ്ടായിരുന്ന ടിവി റിയാലിറ്റി ഷോയിലെ താരമായ യുവതിയുടെ ഫോട്ടോയെടുത്തതാണ് പ്രകോപിപ്പിച്ചത്.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സര്‍ക്കാര്‍ വിരുദ്ധതയും രാജ്യവിരുദ്ധതയുമാണു പ്രചരിപ്പിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനോ, പ്രധാനമന്ത്രിയോ ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ യാത്രയുടെ ലക്ഷ്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടോയെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു. രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചതിനു പിറകേയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം.
◾ന്യൂയോര്‍ക്കില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയ്ക്കുനേരെ മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖര്‍ മിശ്രയാണെന്നു ഡല്‍ഹി പൊലീസ്. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കര്‍ണാടക സ്വദേശിനിയാണ് പരാതിക്കാരി. സംഭവം വിവാദമായതിനു ശേഷമാണ് പൊലീസ് കേസെടുത്തത്.
◾തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,000 കടന്നു. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വര്‍ണവില ഉയര്‍ന്നത്. വിപണിയില്‍ ഇന്നത്തെ വില 41,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഉയര്‍ന്നു. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4240 രൂപയാണ്. 2020 ആഗസ്റ്റ് 5 ന് ശേഷമുളള ഉയര്‍ന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5100 രൂപയായിരുന്നു. ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് റെക്കോര്‍ഡ് വിലയുണ്ടായിരുന്നത്. 5250 രൂപ. അതേസമയം ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിലെ വില 75 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾ജനുവരി 15 മുതല്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയുള്ള പിസികളില്‍ ഗൂഗിളിന്റെ ജനപ്രിയ ബ്രൗസര്‍ ക്രോം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ക്രോമിന്റെ പുതിയ പതിപ്പുകള്‍ ഉപയോഗിക്കുന്നത് തുടരാന്‍ വിന്‍ഡോസ് 10, വിന്‍ഡോസ് 11 ഉള്ള പുതിയ സിസ്റ്റം ലഭ്യമാക്കേണ്ടി വരും. 2023 ഫെബ്രുവരി 7ന് പുറത്തിറക്കുന്ന ഗൂഗിള്‍ ക്രോം വി110 ന്റെ റിലീസിന് ശേഷം സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. വിന്‍ഡോസ് 7 ഇഎസ്യു, വിന്‍ഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോര്‍ട്ടും മൈക്രോസോഫ്റ്റും നിര്‍ത്തുകയാണ്. അതേസമയം, വിന്‍ഡോസ് 7, 8.1 എന്നിവയുള്ള പിസി-കളില്‍ ക്രോമിന്റെ പഴയ പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ ബ്രൗസറിന് അപ്‌ഡേറ്റുകളൊന്നും ലഭിക്കില്ല. വിന്‍ഡോസ് 7 ഇഎസ്യു, വിന്‍ഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോര്‍ട്ട് 2023 ജനുവരി 15 ന് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. വിന്‍ഡോസ് 11 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പുതിയ പിസി വാങ്ങാനാണ് മൈക്രോസോഫ്റ്റ് ഉപയോക്താക്കളോട് ശുപാര്‍ശ ചെയ്യുന്നത്. വിന്‍ഡോസ് 8.1ല്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ എതെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ സാങ്കേതിക പിന്തുണ നല്‍കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
◾ആസിഫ് അലി നായകനായി എത്തുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഉടന്‍ തിയറ്ററുകളില്‍ എത്തും. സെന്‍സറിംഗ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 1984 മോഡല്‍ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വിഎസ്എല്‍ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2021ല്‍ പ്രഖ്യാപിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായികയായി എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്.
◾റിലീസ് ചെയ്ത് 19 മണിക്കൂറില്‍ ആണ് 21 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി വാരിസ് ട്രെയിലര്‍. 1. 7 മില്യണ്‍ ലൈക്കുകളും 118,775 കമന്റുകളും ട്രെയിലറിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മാസും ആക്ഷനും ഇമോഷണലും നിറഞ്ഞ വാരിസ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആകും സിനിമയെന്ന് ഉറപ്പുനല്‍കുന്നതാണ് ട്രെയിലര്‍. ഇതിലെ സ്റ്റില്‍സും ആക്ഷനുകളുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിജയ്ക്ക് ഒപ്പം തന്നെ അജിത്തിന്റെ തുനിവും ജനുവരി 11ന് റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വര്‍ഷം തമിഴ്നാട്ടിലെ തിയറ്ററുകള്‍ താരപ്പെങ്കലിനാണ് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുനിവ്.
◾വില വര്‍ദ്ധിപ്പിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍. സിട്രോണ്‍ നിലവില്‍ രണ്ട് മോഡലുകളാണ് വില്‍ക്കുന്നത് - സി3 കോംപാക്റ്റ് ഹാച്ച്ബാക്കും സി5 എയര്‍ക്രോസ് എസ്യുവിയും. 2023-ന്റെ തുടക്കത്തോടെ, സി3 ക്രോസ്-ഹാച്ച്ബാക്കിനും സി5 എയര്‍ക്രോസ് മിഡ്-സൈസ് എസ്യുവിക്കും സിട്രോണ്‍ ഇന്ത്യ വില വര്‍ദ്ധന പ്രഖ്യാപിച്ചു. ഇത് മുഴുവന്‍ വേരിയന്റ് ലൈനപ്പിനും ബാധകമാണ്. എല്ലാ സി3 വേരിയന്റുകളുടെയും വില ഒരേപോലെ 10,000 രൂപ കമ്പനി വര്‍ധിപ്പിച്ചു. ലോഞ്ച് ചെയ്തതിന് ശേഷം സി3 ഹാച്ച്ബാക്കിന് ലഭിക്കുന്ന രണ്ടാമത്തെ വിലവര്‍ദ്ധനയാണിത്. 5.98 ലക്ഷം മുതല്‍ 8.25 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വിലയില്‍ ഇപ്പോള്‍ ഹാച്ച്ബാക്ക് ലഭ്യമാണ്. സിട്രോണ്‍ സി5 എയര്‍ക്രോസ് മിഡ്‌സൈസ് എസ്യുവിക്ക് ഇപ്പോള്‍ വില 37.17 ലക്ഷം രൂപയാണ്. അതേസമയം സിട്രോണ്‍ സി3 ഹാച്ച്ബാക്കിന്റെ പുതിയ ഇലക്ട്രിക് പതിപ്പായ ഇസി3 കമ്പനി ഉടന്‍ അവതരിപ്പിക്കും.
◾പ്രത്യാഗമനം, ആര്‍ദ്രം, ത്രികാലജ്ഞന്‍, വിഡാഭായി നൃത്തം ചെയ്യുന്നു തുടങ്ങിയ കവിതകളൊക്കെത്തന്നെ എന്നിലെ ആസ്വാദകനെ വീണ്ടും വീണ്ടും രസിപ്പിക്കുന്നു. എന്നാല്‍ ശ്രീനാരായണഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട 'ഒരു' എന്ന കവിത ആദ്ധ്യാത്മികവും ഭൗതികവും സാമൂഹികവും സര്‍ഗ്ഗാത്മകവുമായ നിത്യനൂതനചൈതന്യത്തെ വെളിവാക്കിത്തരുന്നു. അതു കൊണ്ടുതന്നെ ഒരിക്കല്‍ വായിച്ചാല്‍ ആ മത്തേഭപദചലനം ഹൃദയത്തിന്റെ കരിമ്പിന്‍തോട്ടത്തില്‍നിന്ന് ഇറങ്ങിപ്പോകുകയില്ല. 51 കവിതകളുടെ സമാഹാരം. 'എന്റെയും നിങ്ങളുടെയും മഴകള്‍'. എന്‍ എസ് സുമേഷ് കൃഷ്ണന്‍. ഡിസി ബുക്സ്. വില 152 രൂപ.
◾പുതിയ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും കോവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും സംബന്ധിച്ച് ആളുകള്‍ ഇപ്പോഴും ആശങ്കാകുലരാണ്. വാക്‌സിനേഷന്‍ കോവിഡ് അണുബാധയെ ഒരു പരിധി വരെ തടയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും അണുബാധ കുറയ്ക്കാന്‍ സഹായിക്കും. എന്നിരുന്നാലും, അണുബാധയ്ക്കുള്ള സാധ്യത ഇപ്പോഴും ഉയര്‍ന്നതാണെന്നും പഠനം പറയുന്നു.
ജയിലില്‍ ഒരേ സെല്ലില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ വൈറസ് പടരുന്നത് പരിശോധിക്കാന്‍ യുസി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗവേഷകര്‍ ഒരു പഠനം നടത്തി. വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും ആദ്യത്തെ ഒമിക്രോണ്‍ തരംഗത്തില്‍ കാലിഫോര്‍ണിയ ജയിലുകളില്‍ കോവിഡ്-19 പടരുന്നത് തടയാന്‍ സഹായിച്ചതായി പഠനത്തില്‍ കണ്ടെത്തി. വാക്സിനേഷന്റെ ഗുണങ്ങള്‍ വിശദീകരിച്ചുകൊണ്ട്, ഇത് വൈറസിന്റെ രോഗവ്യാപന സാധ്യതയെ കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. മാത്രമല്ല, ഓരോ ബൂസ്റ്റര്‍ ഡോസിലും വൈറസ് പകരാനുള്ള സാധ്യത 11 ശതമാനത്തോളം കുറയുന്നതായും കണ്ടെത്തി.
കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ശേഖരിച്ച വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 2021 ഡിസംബര്‍ 15 നും 2022 മെയ് 20 നും ഇടയില്‍ 1,11,687 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 97 ശതമാനവും പുരുഷന്മാരായിരുന്നു. ഇക്കൂട്ടരില്‍ വാക്‌സീന്‍ എടുത്തവരില്‍ ഗുരുതരമായ രോഗങ്ങളുടെ നിരക്ക് കുറവായിരുന്നു. വെറും അഞ്ച് മാസത്തിനുള്ളില്‍ 22,334 ഒമിക്രോണ്‍ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മരണനിരക്ക് പൂജ്യം ശതമാനമായിരുന്നു.
അണുബാധയില്‍ നിന്നും വാക്‌സിനേഷനില്‍ നിന്നും ഹൈബ്രിഡ് പ്രതിരോധശേഷി ആര്‍ജിച്ച ആളുകള്‍ക്ക് കോവിഡ് വൈറസ് പകരാനുള്ള സാധ്യത 40 ശതമാനം കുറവാണ്. ഗവേഷകര്‍ പറയുന്നതനുസരിച്ച്, വാക്‌സിനേഷന്‍ ഇതിനകം രോഗബാധിതരായവര്‍ക്ക് അധിക സംരക്ഷണം നല്‍കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 82.73, പൗണ്ട് - 99.30, യൂറോ - 87.75, സ്വിസ് ഫ്രാങ്ക് - 89.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.29, ബഹറിന്‍ ദിനാര്‍ - 219.42, കുവൈത്ത് ദിനാര്‍ -270.08, ഒമാനി റിയാല്‍ - 214.87, സൗദി റിയാല്‍ - 22.01, യു.എ.ഇ ദിര്‍ഹം - 22.52, ഖത്തര്‍ റിയാല്‍ - 22.72, കനേഡിയന്‍ ഡോളര്‍ - 61.20.
Post a Comment