ക്ലൈമാക്‌സിലേക്ക്; കലാകിരീടത്തിനരികെ കോഴിക്കോട്.

കോഴിക്കോട് കൗമാര കലയുടെ നിറവസന്തത്തിന് ഇന്ന് തിരശ്ശീല താഴാനിരിക്കെ, കലാകിരീടത്തോട് ഒരു ചുവടുകൂടി അടുത്ത് ആതിഥേയര്‍. 938 പോയിന്റുമായി കോഴിക്കോട് മുന്നേറ്റം തുടരുകയാണ്. കണ്ണൂരാണ് തൊട്ടുപിന്നില്‍- 918. രണ്ടാം സ്ഥാനക്കാരുമായി നാല് പോയിന്റ് മാത്രം വ്യത്യാസത്തില്‍ മൂന്നാമതായി പാലക്കാടുണ്ട്-916. യഥാക്രമം തൃശൂര്‍- 910, മലപ്പുറം- 875 ആണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

സ്വര്‍ണ കപ്പിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. 99 ശതമാനത്തോളം മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 12 ഇനങ്ങളിലെ മത്സരങ്ങള്‍ നടക്കാനുണ്ട്. അപ്പീലിലേതുള്‍പ്പെടെ നേരത്തെ നടന്ന ചില മത്സരങ്ങളുടെ ഫലങ്ങള്‍ വരാനുമുണ്ട്. നിലവില്‍ കോഴിക്കോടിന് ആധികാരിക ലീഡുണ്ടെങ്കിലും കാഞ്ഞങ്ങാട്ട് നടന്ന കഴിഞ്ഞ കലോത്സവത്തിലേതു പോലെ ഒരു ഫോട്ടോ ഫിനിഷിനുള്ള സാധ്യതകളേറെയാണ്. അത്രയും വാശിയേറിയ പോരാട്ടമാണ് കണ്ണൂരും പാലക്കാടുമൊക്കെ കാഴ്ചവെക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരായിരുന്നു മുന്നില്‍ നിന്നിരുന്നത്. ഇഞ്ചോടിഞ്ചുള്ള മത്സര വീറുമായി കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തെത്തി. പിന്നീട് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയായിരുന്നു.

നാടോടി നൃത്തമുള്‍പ്പെടെയുള്ള ഇനങ്ങള്‍ വേദിയില്‍ നടന്നുവരികയാണ്. വൈകിട്ട് അഞ്ചിന് പ്രധാന വേദിയായ അതിരാണിപ്പാടത്താണ് (ക്യാപ്റ്റന്‍ വിക്രം മൈതാനം, വെസ്റ്റ്ഹില്‍) സമാപന സമ്മേളനം.

Post a Comment

Previous Post Next Post