പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ.

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് ദൗത്യസംഘം കടുവയുടെ ജഡം കണ്ടെത്തിയത്. വൈകാതെ വനംമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.

ഉള്‍വനത്തില്‍ കടുവയെ തിരഞ്ഞെത്തിയ ആര്‍ആര്‍ടി സംഘത്തെ കടുവ ആക്രമിച്ചു. സംഘാംഗം ജയസൂര്യയുടെ വലതു കൈയ്ക്ക്  കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കടുവ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഷീല്‍ഡ് കൊണ്ട് തടഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. കടുവ ആക്രമിച്ചപ്പോൾ താൻ താഴെയും കടുവ തന്റെ മുകളിലുമായി വീണു. ഷീൽഡ് കൊണ്ടു തടുക്കാനായതുകൊണ്ടാണ് ജീവൻ രക്ഷപ്പെട്ടത്. കയ്യിൽ കടുവയുടെ നഖം ആഴ്ന്നിറങ്ങി. പതിനഞ്ചോളം പേർ കൂടെയുണ്ടായിരുന്നു. ഇവർ ബഹളം വച്ചതോടെ കടുവ കാട്ടിലേക്ക് ഓടിപ്പോയെന്നും ജയസൂര്യ പറഞ്ഞു.

പഞ്ചാരക്കൊല്ലിയിൽ വെള്ളിയാഴ്ചയാണ് തോട്ടം തൊഴിലാളിയായ രാധയെ കടുവ കൊന്നത്. കടുവയെ പിടിക്കാനായില്ലെങ്കിൽ വെടിവച്ചുകൊല്ലാമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ദൗത്യസംഘം തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എൺപതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയക്കായി തിരച്ചിൽ നടത്തുന്നത്. കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനയേയും എത്തിച്ചിരുന്നു.

Post a Comment

Previous Post Next Post