ഓൺലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. ടാറ്റ പ്രൊജക്റ്റ് ഗ്രൂപ്പിന്റെ റപ്രസന്റേറ്റീവ് ആണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി ഓൺലൈൻ വഴി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്ത് അതുവഴി ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് പത്തിയൂർ സ്വദേശിയായ ഐടി പ്രൊഫഷണലിന്റെ കയ്യിൽനിന്നും 15.11 ലക്ഷം രൂപ തട്ടിയെടുത്തത്.
മലപ്പുറം തിരൂരങ്ങാടി, എആര്‍ നഗർ പി ഓയിൽ ചെന്താപുര നമ്പൻ കുന്നത്ത് വീട്ടിൽ അബ്ദുൾ സലാം (39) ആണ് പിടിയിലായത്. ടെലഗ്രാം മെസ്സഞ്ചർ വഴി മെസ്സേജ് വന്നതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് ഷെയർ ട്രേഡിങ് താല്പര്യമുണ്ടെന്ന് അറിയിക്കുകയും ടാറ്റ പ്രൊജക്റ്റിന്റെ പേരിലുള്ള വ്യാജമായ വെബ്സൈറ്റിന്റെ ലിങ്ക് പരാതിക്കാരനു അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരനില്‍ വിശ്വാസം ഉണ്ടാക്കുയെടുക്കുന്നതിനായി യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ പരാതിക്കാരനെ കൊണ്ട് ക്രിയേറ്റ് ചെയ്യിപ്പിച്ചു.
പിന്നീട് ട്രേഡിങ് വാലറ്റ് വഴി ട്രാൻസാക്ഷൻ നടത്താതെ ഇവർ നൽകിയ അക്കൗണ്ടിലേക്ക് പരാതിക്കാരനെ കൊണ്ട് മൂന്ന് തവണകളിലായി 15.11 ലക്ഷം രൂപ അയച്ചു വാങ്ങിക്കുകയാണുണ്ടായത്. ഈ പണം വ്യാജവെബ്സൈറ്റിൽ പരാതിക്കാരന് കാണിച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ വെബ്സൈറ്റിൽ കാണിച്ച ലാഭവും അയച്ചു കൊടുത്ത പണവും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അടച്ച തുകയുടെ 50 ശതമാനം കൂടി സെക്യൂരിറ്റി ടാക്സ് തുകയായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരൻ വഞ്ചിക്കപ്പെട്ടതായി മനസിലായത്.
തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിരൂരങ്ങാടിയിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് സഹായം ചെയ്തുകൊടുത്ത സുഹൃത്തായ ജിത്തു, മലപ്പുറം സ്വദേശിയായ സുധീഷ് എന്നിവര്‍ ഒളിവിലാണ്.
ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ ശരത്ചന്ദ്രൻ വി എസ്, സിപിഒമാരായ റികാസ് കെ, ജേക്കബ് സേവിയർ, ആരതി കെ യു, അജിത്ത് പി എം എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment