കോടിയുടെ ക്രിസ്മസ്-പുതുവത്സര ബംപറടിച്ച 'സത്യൻ' ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി; സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥന.

ക്രിസ്മസ്- പുതുവത്സര ബംപർ ലോട്ടറി നറുക്കെടുപ്പിൽ 20 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി കണ്ണൂർ ഇരിട്ടി ഫെ‍ഡറൽ ബാങ്ക് ശാഖയിലെത്തി. സത്യൻ എന്നയാളാണ് ലോട്ടറി ടിക്കറ്റ് ബാങ്കിന് കൈമാറിയത്. എന്നാൽ തന്റെ സ്വകാര്യത മാനിക്കണമെന്നും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതർ വ്യക്തമാക്കി.

ഇരിട്ടിയിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ XD 387132 നമ്പർ ടിക്കറ്റിനാണ് ബംപർ സമ്മാനം അടിച്ചത്. ഇടയ്ക്കിടെ വന്നു 10 ടിക്കറ്റുകളുടെ ഒരു ബുക്ക് എടുക്കുന്ന സത്യൻ എന്നയാൾക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഏജൻസി ഉടമ പറഞ്ഞിരുന്നു. ഇതോടെ ഇരിട്ടിയിലും പരിസരത്തും ഉള്ള എല്ലാ സത്യന്മാരെയും തേടി മാധ്യമപ്രവർത്തകരും ബാങ്ക് പ്രതിനിധികളും നെട്ടോട്ടമായി.

മുത്തു ലോട്ടറി ഏജൻസിയിൽനിന്നു വിറ്റ ടിക്കറ്റിനാണു ബംപർ അടിച്ചതെന്നു അറിഞ്ഞതു മുതൽ ഭാഗ്യശാലി ആരാണെന്നുള്ള അന്വേഷണവുമായി കടയിലേക്കുള്ള ആൾക്കാരുടെ പ്രവാഹം തുടരുകയാണ്. ചക്കരക്കല്ലിലെ മേലേവീട്ടിൽ എം വി അനീഷാണ് മുത്തു ലോട്ടറി ഏജൻസി ഉടമ. ചക്കരക്കൽ, ഇരിട്ടി, മട്ടന്നൂർ, ചാലോട് ടൗണുകളിലായി 6 ലോട്ടറി വിൽപന കേന്ദ്രങ്ങളാണുള്ളത്. ഒരു കോടി രൂപ വരെയുള്ള സമ്മാനങ്ങൾ പല തവണ ലഭിച്ചിട്ടുണ്ടെങ്കിലും ബംപർ സമ്മാനം ആദ്യമാണെന്നും അനീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post