'ഉച്ചയ്ക്ക് ശേഷമാണ് എല്ലാ പരീക്ഷകളും, റമദാൻ കാലത്ത് പ്രയാസം' ഹയര്‍ സെക്കൻഡറി പരീക്ഷാ സമയം മാറ്റണമെന്ന് നിവേദനം.

റമദാന്‍ വ്രതം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോൺ മന്ത്രിമാരായ വി.ശിവന്‍ കുട്ടി, ഡോ.ആര്‍ ബിന്ദു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.  

 ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് ആറിന് തുടങ്ങി 29 വരെയും രണ്ടാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെയും നടത്തുന്നതിനാണ് നിലവിൽ വിജ്ഞാപനമിറക്കിയിരിക്കുന്നത്. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

 ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട റമദാന്‍ വ്രതം മാര്‍ച്ച് ആദ്യ വാരം ആരംഭിക്കും.   കടുത്ത ചൂടില്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂര്‍ പരീക്ഷയെഴുതേണ്ടിവരുന്നത് വ്രതം അനുഷ്ടിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കും. മുന്‍വര്‍ഷങ്ങളില്‍ പത്ത് ദിവസമായിരുന്നെങ്കില്‍ ഇത്തവണ 17 ദിവസമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ.  മൂന്നു ശനിയാഴ്ചകളിലും പരീക്ഷയുണ്ട്. 

 ഇതിനുപുറമേ, തിങ്കള്‍ മുതല്‍ ശനിവരെ ആറുദിവസം തുടര്‍ച്ചയായി പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളുടെ ശാരീരിക, മാനസിക നിലയെ സാരമായി ബാധിക്കും. അതിനാല്‍ ടൈംടേബിള്‍ പുനഃക്രമീകരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ഫിലിപ്പ് ജോൺ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post