ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ യുവാവിനെ പറ്റിച്ച് 45 ലക്ഷം രൂപ തട്ടിയ യുവതി പിടിയിലായി. ആറ്റിങ്ങൽ ഇടയ്‌ക്കോട് സ്വദേശി കിരൺ കുമാറിനെയാണ് പാലക്കാട് കൊല്ലങ്കോട് കീഴ്പട ഹൗസിൽ ഹിതകൃഷ്ണ പറ്റിച്ചത്. അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചൈസി ഉടമയാണെന്നും ട്രേഡിങ് വിദഗ്ധയാണെന്നും പറഞ്ഞാണ് യുവതി കിരൺകുമാറിനെ സമീപിച്ചത്.
30-കാരിയായ ഇവർ ഒളിവിൽ കഴിയവേ, കേരളത്തിലെത്തിയതിന് പിന്നാലെ പിടിയിലാകുകയായിരുന്നു. അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് യുവതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവർ കൊച്ചിയിലേക്ക് വന്നപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ സമാന തട്ടിപ്പുകളിൽ നിരവധി പരാതികൾ വിവിധ സ്റ്റേഷനുകളിലുണ്ട്.
2022 ഏപ്രിൽ 30ന് യുവാവിന്റെ ആറ്റിങ്ങലിലെ വീട്ടിലെത്തിയ യുവതി ട്രേഡിങ് ഡെമോ കാണിച്ച് വിശ്വാസ്യത നേടി. വാക്ചാതുര്യവും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റുകയായിരുന്നു. ലാഭം കൊയ്യാമെന്ന് ഉറപ്പുനൽകിയാണ് യുവാവിനെ ചാക്കിലാക്കിയത്.
നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിന്നാലെ യുവതി പണവുമായി മുങ്ങി. ഒളിവിൽ നിന്ന് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യം തേടിയെങ്കിലും പരാജയപ്പെട്ടു. തട്ടിയ പണം കൊണ്ട് ആഢംബര ജീവിതം നയിക്കുകയാണ് യുവതിയെന്ന് പൊലീസ് വ്യക്തമാക്കി.
Post a Comment