നവീൻ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ.

കണ്ണൂർ മുൻ എഡിഎം നവീൻ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. ഇത് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. താനും മുഖ്യമന്ത്രിയും റിപ്പോർട്ട് നേരത്തെ കണ്ടിരുന്നു. ഗൂഢാലോചന അന്വേഷിക്കേണ്ടത് പൊലീസാണെന്നും പൊലീസിന് വേണമെങ്കിൽ ഈ റിപ്പോർട്ട് ഉപയോഗിക്കാമെന്നും  മന്ത്രി പറഞ്ഞു. പൊലീസ് റിപ്പോർട്ട് വന്നതിനുശേഷം മറ്റുകാര്യങ്ങളിൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ടിലെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പെട്രോൾ പമ്പ് അനുവദിക്കാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമാണ്. ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യ പ്രകാരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 ദിവ്യ ആവശ്യപ്പെട്ടിട്ടാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് കണ്ണൂർ വിഷൻ ചാനൽ പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടറുടെ മൊഴിയിലുമുണ്ട്. നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ കണ്ടെത്താൻ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിന് എതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് വിജിലൻസും അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

Post a Comment

Previous Post Next Post