വീടുവിട്ടിറങ്ങിയ കുട്ടിയെ തിരികെ വീട്ടിലെത്തിച്ച് മഞ്ചേരി പോലീസ്.

മലപ്പുറം മഞ്ചേരിയില്‍ വീടുവിട്ട് ആണ്‍സുഹൃത്തിനൊപ്പം പോകാന്‍ ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മഞ്ചേരി പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം സഹോദരന്‍ പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തുകയും അത് വാങ്ങിവയ്ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സഹോദരനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്ന് പറഞ്ഞ് കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. 

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചെത്തുകയായിരുന്നു. കുട്ടി മഞ്ചേരി സ്റ്റേഷനില്‍ എത്തിയില്ല എന്നറിഞ്ഞ ബന്ധുക്കള്‍ കുട്ടി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ അയാള്‍ നല്‍കിയതാകാമെന്ന സംശയവും അവര്‍ ഉന്നയിച്ചു. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും ആണ്‍സുഹൃത്തിനെ പോലീസ് ബന്ധപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് പെണ്‍കുട്ടി തനിക്കൊപ്പം വരാന്‍ നില്‍ക്കുകയാണെന്നും താന്‍ കുട്ടിയെ കൂട്ടാനായി പോയിക്കൊണ്ടിരിക്കുകായാണെന്നും ആലപ്പുഴക്കാരനായ സുഹൃത്ത് പറഞ്ഞു. 

19 വയസുകാരനായ സുഹൃത്തിനോട് സംഭവങ്ങളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ പോലീസിനോട് സഹകരിക്കാന്‍ തയ്യാറായി. പെണ്‍കുട്ടി ഇപ്പോള്‍ എവിടയാണെന്ന് അറിയില്ലെന്നും തന്നെ ബന്ധപ്പെടുമ്പോള്‍ പറയാമെന്നും അറിയിച്ചു. സുഹൃത്തിനെ ബന്ധപ്പെടാന്‍ പെണ്‍കുട്ടി ശ്രമിച്ചപ്പോള്‍ പൊലീസിനെക്കൂടി കോണ്‍ഫറന്‍സ് കോളിലൂടെ ചേര്‍ത്ത് അയാള്‍ കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചു. കുട്ടി വിളിക്കാന്‍ ഉപയോഗിച്ച നമ്പറിലേക്ക് പോലീസ് തിരികെ വിളിച്ചപ്പോള്‍ തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സഹോദരനെ വിളിക്കാനായി പെണ്‍കുട്ടി വാങ്ങിയതാണെന്ന് ഫോണിനുടമയായ സ്ത്രീ പറഞ്ഞു. തുടര്‍ന്ന് തിരൂര്‍ സ്റ്റേഷനില്‍ വിവരം അിറയിക്കുകയും എസ്.ഐ ആര്‍ പി സുജിത്തിന്‍റെ നേതൃത്വത്തില്‍ തിരൂര്‍  ബസ് സ്റ്റാന്‍ഡില്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ അരമണിക്കൂറിനകം കണ്ടെത്താനും കഴിഞ്ഞു. മഞ്ചേരി പൊലീസ് തിരികെയെത്തിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിടണമെന്ന നിര്‍ദേശത്തോടെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

 മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ എം. നന്ദഗോപന്‍റെ നേതൃത്വത്തില്‍ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കണ്ടെത്തിയത് സി.പി.ഒ നിഷാദ് ടി ആണ്.

Post a Comment

Previous Post Next Post