തിരുവമ്പാടിയിൽ ലോക ഗ്ലോക്കോമ വാരാചരണം ; ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധനാ ക്യാമ്പും  തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടപ്പിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലതിക വി ആർ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി കെ ദിനാചരണ സന്ദേശം നൽകി. 
   
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലയ്ക്കൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ, മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ ജെ എസ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില, തിരുവമ്പാടി കുടുംബാരോഗ്യ  കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.  കെ വി പ്രിയ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജു കെ എസ് , ഒപ്ടോമെട്രിസ്റ്റ് ബിജീഷ് കെ, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ  എം സുനീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 തുടർന്ന് കോഴിക്കോട് ജനറൽ ആശുപത്രി നേത്രരോഗ വിഭാഗം കൺസൾട്ടന്റ് ഡോ. അബ്ദുൽ റഷീദ് നയിക്കുന്ന ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാ അന്ധത നിയന്ത്രണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പിൽ 114 പേർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് വാരാചരണത്തിന്റെ ഭാഗമായി ഗ്രീൻ റിബൺ ക്യാമ്പെയുനും,കെ എം സി റ്റി നഴ്സിങ് സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റർ എക്സിബിഷനും സംഘടിപ്പിച്ചു.

 ഗ്ലോക്കോമ അറിയാം പ്രതിരോധിക്കാം 

ഒരു ലക്ഷണങ്ങളും കാണിക്കാതെ, കണ്ണുകളെ ബാധിക്കുകയും കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയുന്ന നേത്ര രോഗമാണ്  ഗ്ലോക്കോമ.
രോഗത്തിന്റെ  ആരംഭത്തില്‍ തന്നെ ചികിത്സ നേടിയാൽ കാഴ്ചക്കുറവ് തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാം.

കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് 
ഗ്ലോക്കോമ .മറ്റു നേത്രരോഗങ്ങളെ പോലെ ഗ്ലോക്കോമ തുടക്കത്തിൽ തിരിച്ചറിയാൻ കഴിയണമെന്നില്ല. നേത്രനാഡികൾക്കുണ്ടാകുന്ന തകരാറാണ് ഗ്ലോക്കോമയുടെ പ്രധാന കാരണം. ഗ്ലോക്കോമ സ്ഥിരമായ കാഴ്ച നഷ്ടം ഉണ്ടാക്കാൻ ഇടയുള്ള ഒരു നേത്രരോഗമാണ്.

കണ്ണിനു മുൻപിൽ മഴവില്ല് പോലെ നിറങ്ങൾ കാണുക ,കണ്ണിന് ചുവപ്പ്, പെട്ടെന്ന് വേദനയോടുകൂടിയ കാഴ്ചക്കുറവ് അനുഭവപ്പെടുക, സ്ഥിരമായ തലവേദന കണ്ണിനു ചുറ്റുമുള്ള വശങ്ങളിലെ കാഴ്ച കുറയുക, അവസാന ഘട്ടങ്ങളിൽ ഒരു കുഴലിലൂടെ  നോക്കുമ്പോൾ കാണുന്ന കാഴ്ച മാത്രമാകുന്നു എന്നിവ ചില രോഗലക്ഷണങ്ങളാണ്. 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ നിശ്ചയമായും ഗ്ലോക്കോമ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. പ്രമേഹം, രക്താതിമർദ്ദം , ഹ്രസ്വ ദൃഷ്ടി, ദീർഘദൃഷ്ടി കണ്ണിനു പരിക്ക് ഉണ്ടായവർ ദീർഘകാല സ്റ്റീറോയിഡ് മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ കണ്ണിൻറെ പരിശോധന കൃത്യമായി നടത്തേണ്ടതാണ്.
ഒപ്റ്റോമെട്രിസ്റ്റിന്റെ സേവനം ലഭ്യമാകുന്ന എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണിൻറെ മർദ്ദം പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. കണ്ണിൻറെ മർദം പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങൾ അനുസരിച്ച് തുടർ പരിശോധനകൾക്ക് .

ജില്ല ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധത നിയന്ത്രണ  പരിപാടിയുടെയും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഗ്ലോക്കോമയെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി മാര്‍ച്ച് 9 മുതല്‍ 14 വരെ ലോക ഗ്ലോക്കോമ വാരമായി ആചരിക്കുന്നു. ഗ്ലോക്കോമ വിമുക്ത ലോകത്തിന്നായി ഒന്നിക്കാം എന്നതാണ് ഇത്തവണത്തെ വാരാചരണ സന്ദേശം.

Post a Comment

Previous Post Next Post