ആശവർക്കർമാർ തിങ്കളാഴ്ച്ച സെക്രട്ടറിയേറ്റ് ഉപരോധിക്കും. പരിശീലനത്തിൻറെ പേരിൽ എൻ.എച്ച്.എം പുറത്തിറക്കിയ ഉത്തരവ് ബഹിഷ്കരിച്ച് വിവിധ ജില്ലകളിൽനിന്ന് ആശാവർക്കർമാർ എത്തിചേരും. രാപകൽ സമരം 35 ദിവസം പിന്നിടുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സമരം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഉപരോധ സമരം നടത്തുന്നത്.
സമരത്തെ നേരിടാൻ പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരിൽ അടിയന്തിര പരിപാടി പ്രഖ്യാപിച്ച് അശമാരെ സമരത്തിൽ നിന്ന് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. എൻ.എച്ച്.എമ്മിനെ ചട്ടുകമാക്കി സമരം പൊളിക്കാനാണ് ഭരണകക്ഷികളുടെ ശ്രമം. ഉത്തരവുകളെല്ലാം ബഹിഷ്കരിച്ച് ആശ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ എത്തിച്ചേരും.
വടക്കൻ ജില്ലകളിൽ നിന്നുള്ളവർ 16 ന് വൈകുന്നേരം യാത്ര തിരിച്ചിട്ടുണ്ട്. ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങളാണ് അശവർക്കർമാർ ഉന്നയിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്. രാവും പകലും ആരോഗ്യമേഖലയിൽ തൊഴിലെടുക്കുന്ന സാധാരണ സ്ത്രീ തൊഴിലാളികളെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഭയപ്പെടുത്താനുള്ള നീക്കം അങ്ങേയറ്റം ഹീനവും അപലപനീയവും ആണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി കെ സദാനന്ദൻ പറഞ്ഞു.
പിന്തുണ പ്രഖ്യാപിച്ച് കവി കുരീപ്പുഴ ആശാവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കവി കുരീപ്പുഴ ശ്രീകുമാർ സമരവേദിയിൽ എത്തി. ജീവിക്കാൻ ആവശ്യമായ പണമാണ് ആശാവർക്കർമാർ ചോദിക്കുന്നത്. കേരള സർക്കാരോ കേന്ദ്രസർക്കാരോ ഐക്യരാഷ്ട്രസഭയോ ഇടപെട്ടായാലും മനുഷ്യന് അന്തസായി ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കിയിട്ട് സമരം അവസാനിപ്പിക്കാവൂ എന്ന് അദ്ദേഹം ആശാവർക്കർമാരോട് പറഞ്ഞു .
ദേശീയ വിവരാവകാശ കൂട്ടായ്മ സംസ്ഥാന കോഓർഡിനേറ്റർ കെ.വി ഷാജി, നേതാക്കളായ, ഹുസൈൻ ആശാരി, സുധിലാൽ, ഗിരി, ഹരിചന്ദ്രൻ, അഡ്വ.സന്തോഷ്, സാംസ്കാരിക പ്രവർത്തകരായ ടി ടെന്നിസൺ, ഗിരീഷ് ഗോപിനാഥ്, ഉണ്ണി ദിനകരൻ, ശിവസേന സംസ്ഥാന നേതാവ് ദിലീപ് ചെറുവള്ളി തുടങ്ങിയവരും 35 -ാം ദിവസം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമരവേദിയിൽ എത്തി.
Post a Comment