ഇടുക്കി പരുന്തുംപാറയിൽ ജില്ലാ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് സ്ഥാപിച്ച കുരിശ് റവന്യൂ സംഘം പൊളിച്ച് നീക്കി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് ആണ് റിസോർട്ടിനോട് ചേർന്ന് കുരിശ് പണിതത്. പരുന്തുംപാറയിലെ കയ്യേറ്റത്തിൽ ഒരു വർഷം മുന്നേ പരാതിനൽകിയതാണെന്ന് വാഴൂർ സോമൻ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ഒരു കയ്യേറ്റവും അനുവദിക്കില്ലെന്നായിരുന്നു മന്ത്രി കെ. രാജൻ്റെ മറുപടി.
ഇടുക്കിയിൽ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്നും പീരുമേട് മഞ്ചുമല വില്ലേജുകളിൽ സർവേ നമ്പർ മാറി പട്ടയം നൽകിയിട്ടുണ്ടെന്നുമായിരുന്നു ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്. സജിത്ത് ജോസഫിൻ്റെ ഉടമസ്ഥതയിൽ പരുന്തുംപാറയിലുള്ള മൂന്നേക്കർ മുപ്പത്തിയൊന്നു സെൻറ് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നും വൻകിട റിസോർട്ട് നിർമ്മിച്ചതായും കണ്ടെത്തിയിരുന്നു.
ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിർമാണം തുടർന്നതോടെയാണ് റിസോർട്ടിനോടനുബന്ധിച്ച് സ്ഥാപിച്ച കുരിശു പൊളിക്കാനുള്ള നടപടികൾ റവന്യൂ വകുപ്പ് തുടങ്ങിയത്. പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് വിവിധ പാർട്ടികൾ ഒന്നിച്ച് പരാതി നൽകി ഒരു വർഷം പിന്നിട്ടിട്ടും തുടർനടപടികളുണ്ടായില്ലെന്നായിരുന്നു പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ കുറ്റപ്പെടുത്തൽ. എന്നാൽ, കുടിയേറ്റക്കാർക്ക് പട്ടയം നൽകുമെന്നും കയ്യേറ്റക്കാരെ വെച്ചു പൊറുപ്പിക്കില്ലെന്നുമായിരുന്നു മന്ത്രി കെ. രാജൻ്റെ മറുപടി.
കയ്യേറ്റം വ്യാപകമായ ഇടങ്ങളിൽ കലക്ടർ നിയോഗിച്ച പതിനഞ്ചംഗ സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് പരിശോധന. പീരുമേട്, മഞ്ചുമല, വാഗമൺ വില്ലേജുകളിലെ അഞ്ച് സർവെ നമ്പറുകളിൽ വ്യക്തത വരുത്താൻ മൂന്ന് സർവെ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കയ്യേറ്റം സ്ഥിരീകരിച്ചാൽ ഒഴിപ്പിക്കലടക്കമുള്ള തുടർ നടപടികളിലേക്കും റവന്യൂവകുപ്പ് കടക്കും.
Post a Comment