മാറിടത്തിൽ കടന്നുപിടിക്കുന്നത് ബലാത്സംഗമല്ലെന്ന പരാമർശമടങ്ങിയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

പെണ്‍കുട്ടിയുടെ മാറിടത്തില്‍ കടന്നുപിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന പരാമർശമടങ്ങിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ജഡ്ജിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്വമേധയാ പരിഗണനയ്ക്കെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അലഹബാദ് ഹൈക്കോടതി ഉത്തരവ് മനുഷ്യത്വമില്ലാത്തതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിവാദ വിധി പ്രസ്താവിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ നടപടിയേയും സുപ്രീം കോടതി വിമർശിച്ചു. വാദം കേട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് വിധി പ്രസ്താവം ഉണ്ടായത്. ഏതെങ്കിലും ഒരു നിമിഷത്തിൽ തോന്നിയ വികാരത്തിന്റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതിയുടെ വിവാദ വിധി ഉണ്ടായതെന്നും ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി. നിയമത്തിൽ കേട്ടു കേൾവിയില്ലാത്ത നടപടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത് എന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. 

"ഇതൊരു ഗുരുതരമായ കാര്യമാണ്. ജഡ്ജിയുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ അശ്രദ്ധ. സമൻസ് അയയ്ക്കുന്ന ഘട്ടത്തിലായിരുന്നു ഇത്! ജഡ്ജിക്കെതിരെ ഇത്രയും കഠിനമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്." - ഗവായ് പറഞ്ഞു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിൽ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയും സോളിസിസ്റ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. ഇരുവരും ഹൈക്കോടതി വിധിയെ വിമർശിച്ചു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി‌ ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.

സ്ത്രീകളുടെ മാറിടത്തില്‍ കടന്നുപിടിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ല എന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി റാം മനോഹർ നാരായൺ മിശ്രയുടെ ഉത്തരവ്. ഇപ്രകാരം ചെയ്തവര്‍ക്കുമേല്‍ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങള്‍ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Post a Comment

Previous Post Next Post