പെണ്‍കുട്ടികളോ സ്ത്രീകളോ ഇരകളാകുന്ന കേസുകളില്‍ പൊലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കാസർകോട്ടെ 15കാരിയുടെ മരണം സംബന്ധിച്ച ഹരജിയിലാണ് നിരീക്ഷണം. എല്ലാ കുട്ടികളും പ്രധാനമാണ്. ഏതൊരു കുറ്റകൃത്യം സംഭവിച്ചാലും അടിയന്തരമായി ഇടപെടണം. കാസർകോട്ട് കാണാതായത് 15 വയസ്സായ കുട്ടിയാണ്. അത് പോക്‌സോ കേസായി പരിഗണിക്കണമായിരുന്നു.
സ്ത്രീയെന്ന പരിഗണനയിലാണ് പൊലീസ് കേസ് അന്വേഷിച്ചത്. പെണ്‍കുട്ടി ഒളിച്ചോടിപ്പോയി എന്ന വാദം അംഗീകരിക്കാനാവില്ല. കുട്ടിയെ കണ്ടെത്തുന്നതില്‍ പൊലീസിന് നിഷ്‌ക്രിയത്വം സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പൈവളിഗെയിലെ പതിനഞ്ചുവയസ്സുകാരിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് കേസ് ഡയറിയുമായി എത്താനാണ് നിർദേശം നൽകിയത്.
ഫെബ്രുവരി 12 ന് പുലർച്ചെയാണ് 15 വയസ്സുകാരിയെയും ഓട്ടോ ഡ്രൈവർ പ്രദീപിനെയും കാണാതായത്. ഞായറാഴ്ച പ്രദേശത്ത് നടത്തിയ വ്യാപക തിരച്ചിലിൽ രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുള്ളതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
പൊലീസ് തുടക്കത്തിൽ അന്വേഷണത്തിൽ ജാഗ്രത കാട്ടിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇതിലും ഫലം ഉണ്ടാവാത്തതോടെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
Post a Comment