ലഹരിമരുന്ന് ഉപയോഗത്തിനെതിരെ പൊതുജനരോഷം ഉയരുകയാണ്. മയക്കുമരുന്നു കടത്തുന്നവരെപ്പറ്റിയും ഉപയോഗിക്കുന്നവരെപ്പറ്റിയും ഈ മാസം മാത്രം റെക്കോര്‍ഡ് രഹസ്യ വിവരങ്ങളാണ് സംസ്ഥാന പോലീസിന് ലഭിച്ചത്. പൊതുജനങ്ങളാണ് ഈ വിവരങ്ങള്‍ പോലീസിലേക്ക് എത്തിക്കാന്‍ മുന്‍കൈയെടുത്തതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഔദ്യോഗിക കണക്കനുസരിച്ച് പോലീസിന് ഇതുവരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 1,793 രഹസ്യ വിവരങ്ങളാണ് ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പലരില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. എഡിജിപിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് കണ്‍ട്രോള്‍ റൂമിന് (എഎന്‍സിആര്‍) 3,865 കോളുകളാണ് ഇതിനോടകം ലഭിച്ചത്. അതില്‍ 636 രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടിയെടുക്കുകയും ചെയ്തു
.കൂടാതെ ലഹരിമരുന്ന് ഉപയോഗത്തെ ചെറുക്കുന്നതിനായി ആരംഭിച്ച 'യോദ്ധാവ്' പദ്ധതിയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. ഈ മാസം മാത്രം ലഹരിയുമായി ബന്ധപ്പെട്ട 1,157 കേസുകള്‍ വാട്‌സ്ആപ്പ് വഴി പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന് നിര്‍മാര്‍ജനത്തിന് ജനങ്ങളില്‍ നിന്ന് പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
'' വെഞ്ഞാറമൂട്ടില്‍ നടന്ന കൂട്ടക്കൊല സംസ്ഥാനത്തെ നടുക്കിയിട്ടുണ്ട്. ഇതെല്ലാം മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിരിക്കാം. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വര്‍ധിച്ചുവരുകയാണ്. പിന്നാലെ പൊതുജനം ജാഗ്രത പാലിക്കുകയും നിര്‍ണായക വിവരങ്ങള്‍ പങ്കിടാന്‍ തയ്യാറാകുകയും ചെയ്യുന്നു,'' പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു.
2025 ജനുവരിയില്‍ എഎന്‍സിആറിന് ലഹരിയുമായി ബന്ധപ്പെട്ട 17 രഹസ്യ വിവരങ്ങളാണ് ലഭിച്ചത്. ഫെബ്രുവരിയില്‍ 13 വിവരങ്ങളും ലഭിച്ചു. എന്നാല്‍ മാര്‍ച്ചില്‍ മാത്രം മയക്കുമരുന്നുമായി ബന്ധപ്പെട്ട് 636 രഹസ്യവിവരങ്ങള്‍ ലഭിച്ചു. യോദ്ധാവ് പദ്ധതിയിലും ആളുകളുടെ പ്രാതിനിധ്യം വര്‍ധിച്ചു. ഈ പദ്ധതിയിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ നിര്‍ണായക ഇടപെടലോടെയാണ് പലയിടത്തും റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. 'ഡീ-ഹണ്ട്' (D-Hunt) പദ്ധതിയുടെ കീഴില്‍ 72,980 റെയ്ഡുകളാണ് നടത്തിയത്. പിന്നാലെ 7,265 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 7,539 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
"ഇന്റലിജന്‍സ് വിവരങ്ങള്‍ക്ക് പുറമെ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന രഹസ്യവിവരങ്ങളും ഞങ്ങളുടെ ഓപ്പറേഷനുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ഇതുവഴി 468 കിലോഗ്രാം കഞ്ചാവ്, 4 കിലോഗ്രാം എംഡിഎംഎ എന്നിവ കണ്ടെടുക്കാനും കഴിഞ്ഞു," പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നോ പറയാം ലഹരിയോട്...
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽ പെട്ടാൽ വിവരം വാട്‌സ് ആപ്പിലൂടെ പോലീസിനെ അറിയിക്കൂ.
Post a Comment