കളമശ്ശേരി പോളിടെക്നിക്കില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മന്ത്രി എം.ബി രാജേഷ്.

കളമശ്ശേരി ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ആകാശ് എന്ന വിദ്യാര്‍ത്ഥിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആകാശിന് പുറമേ അഭിരാജ്, ആദിത്യന്‍ എന്നീ വിദ്യാര്‍ത്ഥികളെക്കൂടി അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്തേക്കും. മൂന്ന് വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. 

സംഭവം അന്വേഷിക്കാന്‍ നാലംഗ അധ്യാപക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവുവേട്ടയില്‍ പിടിയിലായ വിദ്യാര്‍ത്ഥികള്‍ ഏത് സംഘടനയില്‍ ഉള്‍പ്പെട്ടവരാണെന്ന കാര്യം സര്‍ക്കാരിനും, എക്സൈസ് വകുപ്പിനും വിഷയമല്ലെന്ന് മന്ത്രി എം.ബി രാജേഷ്. ഒരു തരത്തിലുമുള്ള ഇളവും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും, കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി. കളമശ്ശേരിയില്‍ പിടിയിലായത് എസ്.എഫ്.ഐ നേതാക്കളാണെന്നും ഇതിനെതിരെ സി.പി.എമ്മും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.   

Post a Comment

Previous Post Next Post