ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ യുഎസ് സുപ്രീ കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ റാണയെ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് സുപ്രീം കോടതിയുടെ നടപടി.
64 കാരനായ റാണയ്ക്ക് ലഷ്കർ -ഇ-തൊയ്ബ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റാണ നല്‍കിയ അടിയന്തര അപേക്ഷ സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ഇലേന കഗന്‍ ആണ് റാണയുടെ അപേക്ഷ തള്ളിയത്. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രതിയെ കൈമാറാന്‍ തന്റെ ഭരണകൂടം അനുമതി നല്‍കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തഹാവൂര്‍ റാണയുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്.
ഇന്ത്യയിലേക്ക് തന്നെ കൈമാറുന്നത് യുഎസിലെ നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭ നിയമങ്ങളുടെയും ലംഘനമാണെന്നും റാണ തന്റെ ഹര്‍ജിയില്‍ പറഞ്ഞു. ഇന്ത്യയില്‍ വെച്ച് താന്‍ പീഡനത്തിനിരയാകാന്‍ സാധ്യതയുണ്ടെന്നും ഇദ്ദേഹത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. പാകിസ്ഥാനില്‍ ജനിച്ച മുസ്ലീമായതിനാല്‍ ഇന്ത്യയില്‍ താന്‍ പീഡിപ്പിക്കപ്പെടുമെന്നും അതിനാല്‍ ഇന്ത്യയ്ക്ക് തന്നെ കൈമാറരുതെന്നും റാണ തന്റെ അപേക്ഷയില്‍ വാദിച്ചിരുന്നു. നിലവില്‍ ലോസ് ഏഞ്ചല്‍സിലെ ജയിലില്‍ കഴിയുകയാണ് റാണ.
Post a Comment