സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും; ലൈവ് സംപ്രേക്ഷണവുമായി നാസ.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുഷ് വില്‍മോറും  ഒമ്പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30)  സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു. 

 ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ക്രൂ–10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. ആനി മക്‌ലിൻ, നിക്കോളാസ്‌ അയേഴ്‌സ്‌ , തക്കുയ ഒനിഷി , കിറിൽ പെസ്കോവ് എന്നിവരാണ്‌ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സുനിത വില്യംസ് , ബുച്ച് വിൽമോർ , നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർ ക്രൂ-9 പേടകത്തിലേറി ഭൂമിയിലേക്ക് മടങ്ങും.  

നിലവില്‍ ഹാന്‍ഡ് ഓവര്‍ ഡ്യൂട്ടികള്‍ പുരോഗമിക്കുകയാണെന്നും, ഇത് പൂർത്തിയായാൽ ഭൂമിയിലേക്കുള്ള ഇവരുടെ യാത്ര ആരംഭിക്കുമെന്നും നാസ വ്യക്തമാക്കി. ബഹിരാകാശത്ത് നിന്നും സുനിതയും സംഘവും ഭൂമിയിലേക്ക് എത്തുന്നതിന്‍റെ ലൈവ് സംപ്രേഷണം ചെയ്യുമെന്നും നാസ അറിയിച്ചു.

 അതേസമയം, സുനിത വില്യംസും ബുച്ച് വിൽമോറും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറയുന്ന വീഡിയോ എലോൺ മസ്‌ക് പങ്കിട്ടു.   ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. പത്ത് ദിവസത്തിനായി നടത്തിയ ബഹിരാകാശ യാത്രയാണ് വിവിധ സാങ്കേതിക കാരണങ്ങൾ കൊണ്ട് ഒൻപത് മാസം നീണ്ടത്.   

Post a Comment

Previous Post Next Post