ഓരോ മുക്കിലും മൂലയിലും ഉപഗ്രഹ ഇന്‍റര്‍നെറ്റ്; മസ്കിന്‍റെ സ്റ്റാർലിങ്ക് സേവനത്തിന് ഇന്ത്യയില്‍ എത്ര രൂപയാകും?

ഇലോൺ മസ്‍കിന്‍റെ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനത്തിന്‍റെ ഇന്ത്യയിലെ രംഗപ്രവേശനം ഉറപ്പായിരിക്കുകയാണ്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ കമ്പനികളുമായി സഹകരിച്ചാണ് മസ്കിന്‍റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് എത്തിക്കുക. 

നിലവിൽ സ്റ്റാർലിങ്ക് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുള്ള താരിഫ് നിരക്കുകള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും എത്രയായിരിക്കും സ്റ്റാര്‍ലിങ്ക് സേവനത്തിന് ഒരു മാസം ഇന്ത്യന്‍ ഉപയോക്താക്കള്‍ മുടക്കേണ്ടിവരിക.   2021 മുതൽ സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിലേക്ക് കടക്കാൻ ശ്രമിക്കുന്നു. 2022-ൽ, അന്നത്തെ സ്റ്റാർലിങ്ക് ഇന്ത്യ ഡയറക്ടർ സഞ്ജയ് ഭാർഗവ ആദ്യ വർഷത്തേക്ക് ഈ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനത്തിന് 1,58,000 രൂപ ചിലവാകുമെന്ന് പറഞ്ഞിരുന്നു. രണ്ടാം വർഷം മുതൽ ഇതിന് 1,15,000 രൂപ ചിലവാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യൻ പ്ലാനുകളുടെയും ഹാർഡ്‌വെയറിന്‍റെയും വില സ്റ്റാര്‍ലിങ്കിന്‍റെ മാതൃ കമ്പനിയായ സ്പേസ് എക്സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ പ്രവര്‍ത്തനത്തിന് അന്തിമ അനുമതി ലഭിച്ച ശേഷമാകും താരിഫ് പ്ലാനുകള്‍ സ്റ്റാര്‍ലിങ്ക് പ്രഖ്യാപിക്കുക.   

സ്റ്റാർലിങ്ക് നിലവിൽ 100-ഓളം രാജ്യങ്ങളിൽ ലഭ്യമാണ്. അമേരിക്കയിൽ, സ്റ്റാർലിങ്ക് സേവനം ഉപയോഗിക്കാന്‍ ഹാർഡ്‍വെയർ കിറ്റും പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനും ആവശ്യമാണ്. യുഎസിൽ ബുക്ക് ചെയ്ത ശേഷം, ഹാർഡ്‌വെയറിന് 499 യുഎസ് ഡോളർ നൽകണം, അത് ഇന്ത്യൻ കറൻസിയിലേക്ക് മാറ്റിയാൽ ഏകദേശം 43,000 രൂപയാണ്. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ 110 യുഎസ് ഡോളറാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം ഏകദേശം 10,000 രൂപ വരും.   

അതേസമയം കെനിയയിൽ സ്റ്റാര്‍ലിങ്ക് സേവനത്തിന് പ്രതിമാസം 10 ഡോളർ ചിലവാകും. നിലവിൽ ഭൂട്ടാൻ ഒഴികെയുള്ള ഇന്ത്യൻ അയൽരാജ്യങ്ങളില്‍ സ്റ്റാർലിങ്ക് സേവനം ലഭ്യമല്ല. ഭൂട്ടാനിൽ സ്റ്റാർലിങ്കിന്‍റെ റെസിഡൻഷ്യൽ ലൈറ്റ് പ്ലാനുകൾക്ക് പ്രതിമാസം 3,000 രൂപ മുതൽ 4,200 രൂപ വരെയാണ് വില. 25 Mbps മുതൽ 110 Mbps വരെ വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് മനസിലാക്കാൻ ഭൂട്ടാനിലെ സ്റ്റാർലിങ്ക് വില നിരക്കുകളും വേഗതാ മോഡലുകളും നമുക്ക് പരിശോധിക്കാം.  

ഭൂട്ടാനിലെ സ്റ്റാർലിങ്ക് താരിഫുകള്‍  റെസിഡൻഷ്യൽ ലൈറ്റ് പ്ലാൻ- പ്രതിമാസം 3,000 രൂപ (ഏകദേശം 3,001 രൂപ) വേഗത: 23 Mbps മുതൽ 100 Mbps വരെ ഉപയോഗം: കാഷ്വൽ ബ്രൗസിംഗ്, സോഷ്യൽ മീഡിയ, വീഡിയോ സ്ട്രീമിംഗ് എന്നിവയ്ക്ക് അനുയോജ്യം.  സ്റ്റാൻഡേർഡ് റെസിഡൻഷ്യൽ പ്ലാൻ - പ്രതിമാസം 4,200 രൂപ (ഏകദേശം 4,201 രൂപ) വേഗത: 25Mbps മുതൽ 110Mbps വരെ ഉപയോഗം: ഗെയിമിംഗ്, HD സ്ട്രീമിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നിവയ്ക്ക് പരിധിയില്ലാത്ത ഡാറ്റ.  

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്ക് മാസംതോറും എത്ര രൂപ നല്‍കണമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. വിദേശ ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ത്യയിൽ 30% ഉയർന്ന നികുതി ഉള്ളതിനാൽ, സ്റ്റാർലിങ്ക് പ്ലാനുകൾ ഭൂട്ടാനെ അപേക്ഷിച്ച് അൽപ്പം കൂടുതലായിരിക്കാന്‍ സാധ്യതയുണ്ട്. പ്രതിമാസം 3,500 രൂപ മുതൽ 4,500 രൂപ വരെ വില വന്നേക്കാം. നിലവിലുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളേക്കാൾ 7 മുതൽ 18 മടങ്ങ് വരെ ചെലവേറിയതാണ് സ്റ്റാർലിങ്കിന്‍റെ ആഗോള പ്ലാനുകൾ. എന്നാല്‍ ഇന്ത്യന്‍ വിപണിക്കായി പ്രത്യേക നിരക്കില്‍ പ്ലാനുകള്‍ സ്റ്റാര്‍ലിങ്ക് അവതരിപ്പിച്ചേക്കും.  

Post a Comment

Previous Post Next Post