ആദ്യം വ്യാജൻ വൈറലായി, ഇപ്പോൾ ഒറിജിനൽ എത്തി, അതും പട്ടാപ്പകൽ; കരുവാരകുണ്ടിനെ ഭീതിയിലാക്കി കടുവ സാന്നിധ്യം.

പുലി വരുന്നേ പുലി... ഈ കഥ കേൾക്കാത്തവർ കുറവായിരിക്കും. എന്നാൽ, കരുവാരകുണ്ടിൽ ശരിക്കും സംഭവിച്ചത് ഈ കഥക്ക് സമാനമായ സംഭവം തന്നെയെന്നത് ഏറെ കൗതുകം. ആദ്യമുണ്ടായത് വ്യാജ പ്രചാരണം. കരുവാരകുണ്ട് ആർത്തലയിൽ ജെറിൻ എന്ന യുവാവ് കടുവയുമായി മുഖാമുഖം വന്നുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നത്. 

യുവാവ് ചിത്രീകരിച്ചതെന്ന തരത്തിൽ വീഡിയോയും പ്രചരിപ്പിച്ചു. താൻ ഷൂട്ട് ചെയ്ത വീഡിയോ എന്ന തരത്തിൽ യുവാവ് തന്നെയാണ് വീഡിയോ മാധ്യമങ്ങൾക്ക് നൽകിയത്. സംഭവം വൈറലായ വാർത്തയുമായി. എന്നാൽ സംശയം തോന്നിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ നിജസ്ഥിതി പുറത്തുകൊണ്ടുവന്നു.  വീഡിയോ ഇയാൾ ചിത്രീകരിച്ചതല്ലെന്നും ഇയാൾ കടുവയെ നേരിൽ കണ്ടില്ലെന്നുമുള്ള സത്യാവസ്ഥ പുറത്തുവന്നു. പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  പിന്നാലെ, ഒറിജിനൽ കടുവ കരുവാരകുണ്ടിൽ പ്രത്യക്ഷപ്പെട്ടു. ഏറെ ജനവാസമുള്ള കേരള എസ്റ്റേറ്റ് മേഖലയിൽ റബർ തോട്ടത്തിലാണ് കടുവ എത്തിയത്. ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 

കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചതായി ഡിഎഫ്ഒ അറിയിച്ചു. കടുവയെ കണ്ടത് നാട്ടുകാരിൽ ആശങ്കയുയർത്തി. ഏഴുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന പഴയകടയ്ക്കൽ യുപി സ്കൂളിന് തൊട്ടടുത്താണ് കടുവയെ കണ്ടത്. റബർ എസ്റ്റേറ്റ് മേഖലയെ ആശ്രയിച്ച് ജോലിയെടുക്കുന്ന നിരവധി തൊഴിലാളികളും ആശങ്കയിലായി.   

Post a Comment

Previous Post Next Post