ഊട്ടിയിലേക്കുള്ള ഇ-പാസ് നിയന്ത്രണം: നീലഗിരിയിൽ ബുധനാഴ്ച രാവിലെ മുതൽ 24 മണിക്കൂർ ഹർത്താൽ

ഇ-പാസ് ഏർപ്പെടുത്തിയത് പിൻവലിക്കുക, പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ കടകളിൽ കയറി അധികൃതർ നടത്തുന്ന പരിശോധന നിർത്തലാക്കുക തുടങ്ങി 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് നീലഗിരി ജില്ലയിൽ ഏപ്രിൽ രണ്ട് ബുധനാഴ്ച 24 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് നീലഗിരി ജില്ല വ്യാപാരി സംഘം അറിയിച്ചു.  ബുധനാഴ്ച രാവിലെ ആറുമണി മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെയാണ് കടയടപ്പും പണിമുടക്കും നടത്തുന്നത്.  ലോഡ്ജ്, റിസോട്ട്, ഹോട്ടൽ, ബേക്കറി, മറ്റ് റെസ്റ്റാറന്‍റുകൾ, ടാക്സി എന്നിവ ഉണ്ടായിരിക്കില്ല. ടൂറിസ്റ്റുകൾ നീലഗിരിയിലേക്കുള്ള വരവ് മാറ്റിവെക്കണമെന്ന് വ്യാപാരി സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ് വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നത്. ദിവസേന 6,000 വാഹനങ്ങൾക്കും ശനി, ഞായറുകളിൽ 8,000 വാഹനങ്ങൾക്കും മാത്രമാണ് നീലഗിരി ജില്ലയിലേക്ക് അനുമതിയുള്ളത്. നീലഗിരി ജില്ലയിലെ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളില്ല.  സീസൺ സമയത്തെ വാഹനത്തിരക്ക് നിയന്ത്രിക്കാനുള്ള ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് മാറ്റങ്ങൾ വരുന്നത്.

 നഗരസഭയായ കൊടൈക്കനാലിലേക്ക് ദിവസേന 4,000 വാഹനങ്ങൾക്ക് അനുമതി നൽകുമ്പോൾ ആറ് താലൂക്കുകളും നാല് നഗരസഭകളും ഉള്ള നീലഗിരിയിലേക്ക് 6,000 വാഹനങ്ങൾക്ക് മാത്രം ദിവസേന പ്രവേശനം അനുവദിക്കുന്നതിന്റെ ഔചിത്യവും ഇവർ ചോദ്യം ചെയ്യുകയാണ്. നിയന്ത്രണങ്ങൾ വിനോദസഞ്ചാര മേഖലയെ തളർത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഏപ്രിൽ, മേയ് മാസങ്ങളിലെ സീസൺ തിരക്കിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കോട്ടേജുകളും റിസോട്ടുകളും ഏറെയാണ്.  

Post a Comment

Previous Post Next Post