സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് മൂന്നു മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന യുവപ്രതിഭകളുടെ സംഗമത്തില്‍ പങ്കാളികളാവുന്നതിന് നാളെകൂടി (ഏപ്രില്‍ 29, ചൊവ്വ) പേരുനല്‍കാം.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25ന് വയസ്സില്‍ താഴെയുള്ള പ്രതിഭകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കല, സാംസ്‌കാരികം, കായികം, വിദ്യാഭ്യാസം, തൊഴില്‍, കൃഷി, സംരംഭകത്വം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേട്ടങ്ങള്‍ കൊയ്തവര്‍ക്കും പങ്കെടുക്കാം. ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
തദ്ദേശ സ്ഥാപനതലത്തില്‍ അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരുടേത് ജില്ലാതലത്തിലേക്ക് അയക്കും. ഇതിനായുള്ള പ്രത്യേക പ്രൊഫോമ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍നിന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. യുവപ്രതിഭകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബയോഡാറ്റ, കൈവരിച്ച നേട്ടങ്ങള്‍, ലഭിച്ച അംഗീകാരങ്ങള്‍, വ്യക്തികളെ കുറിച്ചുള്ള ചെറുകുറിപ്പ് എന്നിവ അടങ്ങുന്ന ഫോറം ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കാം. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന പട്ടികയില്‍ നിന്നാണ് സംഗമത്തില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക ജില്ലാതലത്തില്‍ തയ്യാറാക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ യുവപ്രതിഭകളെ ആദരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ക്ക് അവരുടെ വിജയഗാഥകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള അവസരവും നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നത്.
Post a Comment