കാസർഗോഡ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ട്രാക്കിന് സമീപം തീയിട്ട ശേഷം പാളത്തിൽ കരിങ്കല്ലുകൾ നിരത്തി.

ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ട്രാക്കിന് സമീപം തീയിട്ടശേഷം പാളത്തിൽ കരിങ്കല്ലുകളും തടികളും നിരത്തി. കോട്ടിക്കുളം ചിറമലിൽ നടന്ന സംഭവത്തിൽ‌ ഒരാൾ പിടിയിലായി. ബുധനാഴ്ച രാത്രി ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലാണ് ട്രെയിൻ അട്ടിമറി ശ്രമം ഉണ്ടായത്. റെയിൽവേ ട്രാക്കിന് സമീപം തീയിട്ടും പാളത്തിൽ കരിങ്കലും മരത്തടികളും പാകിയാണ് അട്ടിമറി ശ്രമം. 

സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി ജിജോ ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.പിടിയിലായ യുവാവ് കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ശേഷം ട്രാക്കിലൂടെ നടന്ന് കളനാട് റെയിൽവെ തുരങ്കത്തിൽ എത്തി. ഇരുട്ട് മൂടിയ തുരങ്കം കടക്കാൻ ഓലച്ചൂട്ട് കെട്ടി കത്തിച്ചു. പിന്നീട് തുരങ്കം കടന്ന ഉടനെ ചൂട്ട് റെയിൽവെ ട്രാക്കിനു സമീപത്തെറിഞ്ഞു. ചൂട്ടിൽ നിന്നും പരിസരത്തെ പുല്ലിനും മറ്റും തീ പിടിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസാണ് തീയണച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രാക്കിൽ കരിങ്കല്ല് നിരത്തി വച്ച നിലയിൽ കണ്ടെത്തിയത്. ഇതിനിടെയാണ് കോട്ടിക്കുളം, റെയിൽവെ സ്റ്റേഷനു സമീപം ചിറമ്മലിൽ റെയിൽപാളത്തിൽ മരത്തടി കയറ്റി വച്ച നിലയിൽ കാണപ്പെട്ടത്. ഇതുവഴി കടന്നു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം പൊലീസിനെ
അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്.

പിടികൂടിയ പ്രതി നേരത്തെയും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായും അടുത്തിടെ പാലക്കാട് റെയിൽവെ സ്റ്റേഷനു സമീപത്ത് ട്രാക്കിൽ കല്ലുകൾ നിരത്തി വച്ചതായും കണ്ടെത്തി. മാനസികാസ്വാസ്ഥ്യം ഉള്ളതിനാൽ അന്ന് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും നേരത്തെ ട്രെയിൻ അട്ടിമറി ശ്രമം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post