മലപ്പുറത്ത് മർദനത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ മരിച്ച കേസ്; ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ.

മലപ്പുറം കോഡൂരിൽ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ തുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങൽപ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് മഞ്ചേരി കോർട്ട് റോഡിലെ ലോഡ്ജിൽ മുറിയെടുത്ത ഷിജു അഞ്ചിന് പുറത്തുപോയി തിരികെ വന്നതായി ലോഡ്ജ് ജീവനക്കാർ കണ്ടിരുന്നു.

 ശനിയാഴ്ച രാവിലെ 11ന് വാതിലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.  കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയായിട്ടും അകത്തുനിന്ന് ശബ്ദം കേൾക്കാത്തതിനെ തുടർന്ന് ലോഡ്ജ് ഉടമ പൊലീസിലറിയിച്ചു. പൊലീസ് എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഷിജുവിനെ കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് ഏഴിന് ബസ് ജീവനക്കാരും ഓട്ടോഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിനിടെ ഓട്ടോഡ്രൈവർ അബ്ദുൽ ലത്തീഫ് മരിച്ച സംഭവത്തിൽ പ്രതിയായിരുന്നു പി.ടി.ബി ബസിലെ ഡ്രൈവറായ ഷിജു.   

ബസ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ചാണ്  ഇവർ അബ്ദുൽ ലത്തീഫിനെ മർദ്ദിച്ചത്.  ഭാര്യയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയപ്പോൾ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കൊണ്ടു പോകുകയാണെന്ന് തെറ്റിദ്ധരിച്ചാണ് ബസ് ജീവനക്കാർ ലത്തീഫിനെ മർദ്ദിച്ചത്. 

ബസ് കാത്തു നിൽക്കുന്ന യാത്രക്കാരെ ഓട്ടോയിൽ കയറ്റിയെന്ന് തെറ്റിദ്ധരിച്ച് കണ്ടക്ടർ യുവതിയുടേയും ഓട്ടോറിക്ഷ ഡ്രൈവറുടേയും ഫോട്ടോയെടുത്തു. പിന്നീട് ബസ് ഓടിച്ച് പോയി. എന്നാൽ  ഓട്ടോയിലുള്ളത് തന്‍റെ ഭാര്യയാണെന്നും ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നും യാസിർ ഇവരോട് ആവശ്യപ്പെട്ടു.   ഇതോടെ പ്രകോപിതാരായ ബസ് ജീവനക്കാർ ഇയാളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 

പിന്നാലെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ വച്ച് ലത്തീഫ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.  

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിജു 22 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു. മഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർ എ. ബാലമുരുകൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മിനിയാണ് മരിച്ച ഷിജുവിന്റെ ഭാര്യ. മാതാവ് : സുമതി. മക്കൾ : അഭിമന്യു. ആദിദേവ്, കാശി.  

Post a Comment

Previous Post Next Post