വ്യാജ ഫോൺകോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പൊലീസിന്റെ സൈബർ വാൾ തയാറാകുന്നു. ഈ ആപ്പിലൂടെ ഫോൺ നമ്പറുകളും വെബ്‌സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കൾക്കു തന്നെ പരിശോധിച്ച് ഉറപ്പാക്കാം. സംസ്ഥാന പൊലീസിന്റെ സൈബർ ഡിവിഷൻ തയ്യാറാക്കുന്ന സൈബർ വാൾ സംവിധാനം ഉടൻ പ്രവർത്തനക്ഷമമാകും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെയാണ് തയ്യാറാക്കിയത്.
നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോൺ നമ്പരുകൾ, സാമൂഹികമാധ്യമ പ്രൊഫൈലുകൾ, വെബ്സൈറ്റുകൾ എന്നിവ പരിശോധിച്ച് ആധികാരികത ഉറപ്പാക്കാനാകും. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷൻ സജ്ജമാക്കുക.
അതിനിടെ, 2024-ൽ സൈബർ തട്ടിപ്പ് നടത്തിയ 28,724 വെബ്‌സൈറ്റുകളും 21,000 സോഷ്യൽ മീഡിയ അക്കൗണ്ടുകളും സംസ്ഥാന പൊലീസ് നീക്കം ചെയ്തു. ആളുകളെ കബളിപ്പിക്കുന്നതിൽ പോർട്ടലുകളുടെ പങ്ക് എടുത്തുകാണിച്ച് സൈബർ പൊലീസ് ഡൊമെയ്ൻ രജിസ്ട്രാർക്ക് കത്തെഴുതിയതിനെ തുടർന്നാണ് വെബ്‌സൈറ്റുകൾ നീക്കം ചെയ്തത്.
നീക്കം ചെയ്ത വെബ്‌സൈറ്റുകളിൽ ഇ-കൊമേഴ്‌സ് സൈറ്റുകൾ, ട്രേഡിങ് വെബ്‌സൈറ്റുകൾ, വ്യാജ ജോബ് പോർട്ടലുകൾ എന്നിവ ഉൾപ്പെടുന്നു. പ്രമുഖ സാമൂഹ്യമാധ്യമങ്ങളായ മെറ്റയിലും എക്‌സിലുമാണ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ അക്കൗണ്ടുകളുമെന്നും കണ്ടെത്തി. സൈബർ പൊലീസ് നോട്ടീസ് നൽകിയാണ് ഈ അക്കൗണ്ടുകൾ നീക്കിയത്.
അതുപോലെ, തട്ടിപ്പിനായി ഉപയോഗിച്ച 13,877 സിം കാർഡുകൾ ബ്ലോക്ക് ചെയ്തു. സ്‌കാം കോളുകൾ വിളിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 20,482 സ്‌മാർട്ട്‌ഫോണുകൾ ശാശ്വതമായി ലോക്ക് ചെയ്തു. സംസ്ഥാന പൊലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടെലികോം ഡിപ്പാർട്ട്‌മെന്‍റാണ് ഫോണുകൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ലോക്ക് ചെയ്തത്. സംഘടിത സൈബർ തട്ടിപ്പുകൾക്കായി ഉപയോഗിച്ച 36,000 ബാങ്ക് അക്കൗണ്ടുകളും കഴിഞ്ഞ വർഷം പൊലീസ് ബ്ലോക്ക് ചെയ്തു.
തട്ടിപ്പിലൂടെ നേടുന്ന പണം കൈകാര്യം ചെയ്യാനായി മലയാളികളുടെ ഉൾപ്പെടെ ബാങ്ക് അക്കൗണ്ടുകൾ കമിഷൻ വ്യവസ്ഥയിൽ ഉപയോഗിക്കുന്നുണ്ട്. ഓരോ ഇടപാടിനും നിശ്ചിത തുക കമ്മീഷനായി അക്കൗണ്ട് ഉടമയ്ക്ക് നൽകുന്താണ് രീതി. കംബോഡിയ, ലാവോസ്, മ്യാൻമർ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് റാക്കറ്റുകൾ ഇത്തരം നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തി.
കബളിപ്പിച്ച് നേടിയ പണം വഴിതിരിച്ചു വിടാൻ ഉപയോഗിക്കുന്ന കറന്‍റ് ബാങ്ക് അക്കൗണ്ടുകളും അവയിൽ ഉൾപ്പെടുന്നു. സൈബർ ക്രിമിനലുകൾ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് നേരത്തെ റിസർവ് ബാങ്കിനും ആഭ്യന്തര മന്ത്രാലയത്തിനും കത്തെഴുതിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ ബാങ്കുകളുടെ കറന്റ് അക്കൗണ്ടുകളുടെ അനിയന്ത്രിതമായ ഉപയോഗം നിയന്ത്രിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബ് ആവശ്യപ്പെട്ടിരുന്നു.
Post a Comment