വീട്ടുജോലി ചെയ്തതിന് ലഭിക്കാനുള്ള അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിന് യുവതിക്ക് ക്രൂരമർദനം.

വീട്ടുജോലി ചെയ്തതിന് ലഭിക്കാനുള്ള അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിന് യുവതിക്ക് ക്രൂരമർദനം. കരുവാറ്റ സ്വദേശിനി രഞ്ജിമോൾക്കാണ് മർദനമേറ്റത്. സംഭവത്തിൽ കുമാരപുരം തമാല്ലാക്കൽ മുറിയിൽ ഗുരുകൃപ വീട്ടിൽ ചെല്ലപ്പൻ, മകൻ സൂരജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.   

ശനിയാഴ്ച രാത്രി 8.30ന് രഞ്ജിമോൾ ജോലി ചെയ്യുന്ന ബേക്കറിയിൽ വെച്ചാണ് മർദനമേറ്റത്. ചെല്ലപ്പന്റെ മകളുടെ വീട്ടിൽ കുഞ്ഞിനെ നോക്കാനായി ഒന്നര വർഷത്തോളം ജോലി ചെയ്ത തനിക്ക് അഞ്ചുമാസത്തെ ശമ്പള കുടിശികയായ 76000 രൂപ ലഭിക്കാനുണ്ടെന്നാണ് രഞ്ജിമോൾ പറയുന്നത്. 

ഇത് സംബന്ധിച്ച് പരാതി നേരത്തെ പൊലീസിന് നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് ക്രൂരമർദനത്തിന് കാരണമെന്നാണ് പരാതി. മർദനമേറ്റ രഞ്ജിമോൾ ബേക്കറി കടയിൽ കയറി മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിയെ കടയിൽ നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടുവന്ന് രണ്ടുപേർ ക്രൂരമായി മർദിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കാണാം. 

തലമുടിയിൽ കുത്തിപ്പിടിക്കുകയും ഹെൽമെറ്റ് കൊണ്ട് തലക്കടിക്കുകയും ചെയ്തു. അടികൊണ്ട് വീണ യുവതി നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികൾ വീണ്ടും വലിച്ച് തള്ളി താഴെയിട്ട് ചവിട്ടുന്നുണ്ട്. 'ഭൂമിക്ക് മുകളിൽ തന്നെ വെച്ചേക്കില്ല' എന്നു പറഞ്ഞാണ് മർദിച്ചതെന്ന് രഞ്ജിമോൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

Post a Comment

Previous Post Next Post