പണം ലഭിച്ചെന്ന് സൗണ്ട് കേള്‍ക്കും, പൈസ വരില്ല! വ്യാജ ഫോൺപേയും ഗൂഗിൾപേയും ഉപയോഗിച്ച് പുതിയ യുപിഐ തട്ടിപ്പ്.

ഓൺലൈൻ പേയ്‌മെന്‍റിനുള്ള യുപിഐ ആപ്പുകളുടെ മറവില്‍ പുത്തന്‍ തട്ടിപ്പ്. യുപിഐ പേയ്‌മെന്‍റുകൾ സ്വീകരിക്കുന്ന കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഫോൺപേ, ഗൂഗിൾപേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകൾ സൃഷ്‍ടിച്ചാണ് ഇടപാടുകാരില്‍ നിന്ന് പണം തട്ടുന്നത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി.   

വ്യാജ യുപിഐ ആപ്പ് വഴിയാണ് നിങ്ങൾക്ക് ആളുകള്‍ പണം നൽകിയതെങ്കിൽ, കടയിൽ സൂക്ഷിച്ചിരിക്കുന്ന സൗണ്ട്ബോക്സ് പേയ്‌മെന്‍റ് ലഭിച്ചു എന്നതിന്‍റെ സൂചനയായി റിംഗ് ചെയ്താലും തുക അക്കൗണ്ടിലേക്ക് എത്തുകയില്ല. ഈ സൈബർ തട്ടിപ്പ് രീതി സൈബർ വിദഗ്ധരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ടെലിഗ്രാം പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് വ്യാജ യുപിഐ ആപ്പുകൾ എടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 

തിരക്കുള്ള സമയങ്ങളിലാണ് പല വ്യാപാരികളും ഇത്തരം കബളിപ്പിക്കലിന് ഇരയാകുന്നതെന്നും വിദഗ്ധർ പറയുന്നു. തിരക്കിലായിരിക്കുമ്പോൾ ഫോണിൽ പണം വന്നോ എന്ന് നോക്കുന്നതിനുപകരം സൗണ്ട് ബോക്സ് ശബ്‍ദം കേട്ട് പേമെന്‍റ് ഉറപ്പിക്കുകയാകും പല കടയുടമകളും ചെയ്യുക. അവിടെയാണ് അവർ വഞ്ചിക്കപ്പെടുന്നത്.  സൈബർ തട്ടിപ്പുകാർ നിരന്തരം അവരുടെ രീതികൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. 

വ്യാജ ആപ്പ് കടയുടമയ്‌ക്കോ പണം സ്വീകരിക്കുന്ന വ്യക്തിക്കോ വ്യാജ പേയ്‌മെന്‍റ് അറിയിപ്പ് കാണിക്കും. ചില ആപ്പുകൾ വളരെ സമർത്ഥമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ അവ മുഴുവൻ പേയ്‌മെന്‍റ് പ്രക്രിയയും കാണിക്കുന്നു. കടയുടമകൾ തിരക്കിലായിരിക്കുകയും സൗണ്ട് ബോക്സുകളിലെ അലേർട്ടുകൾ സത്യമാണെന്ന് അനുമാനിക്കുകയും ചെയ്യുമ്പോൾ അവർ വഞ്ചിക്കപ്പെടും. അതായത് ശബ്‍ദം മാത്രമേ പ്ലേ ചെയ്തിട്ടുള്ളൂ, അക്കൗണ്ടിൽ പണം എത്തുന്നില്ല എന്ന് ചുരുക്കം.   സൈബർ വിദഗ്ധർ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇതുവരെ ഇത് സംബന്ധിച്ച് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

 കടയുടമകൾക്ക് ലഭിക്കുന്ന പേമെന്‍റുകൾ പരിശോധിച്ച് ഉറപ്പിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. പേമെന്‍റ് ലഭിച്ചോ എന്ന് നിങ്ങളുടെ മൊബൈലിൽ പരിശോധിക്കുക. യുപിഐ വഴി പണം സ്വീകരിക്കുമ്പോള്‍ കടയുടമകള്‍ അലേര്‍ട്ട് ലഭിക്കുന്ന സൗണ്ട് ബോക്സിനെ മാത്രം ആശ്രയിക്കുന്നത് തട്ടിപ്പിന് സാധ്യതയുണ്ടാക്കും. അക്കൗണ്ടിലേക്ക് പണം ട്രാൻസ്‍ഫർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദഗ്ധർ പറയുന്നു. 

വ്യാജ യുപിഐ ആപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം? 

സാധനങ്ങളോ സേവനങ്ങളോ കൈമാറുന്നതിനുമുമ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലോ യുപിഐ ആപ്പിലോ ഇടപാടുകൾ എപ്പോഴും പരിശോധിച്ചുറപ്പിക്കുക. 

സൗണ്ട്ബോക്സ് അറിയിപ്പുകളെ മാത്രം ആശ്രയിക്കാതെ പേമെന്‍റ് വിശദാംശങ്ങൾ എപ്പോഴും പരിശോധിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. 

ഇടപാടുകൾ നടത്തുമ്പോൾ പുതിയതോ അറിയാത്തതോ ആയ ഏതെങ്കിലും പേയ്‌മെന്‍റ് ആപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കുക. വഞ്ചനാപരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈനിലോ പൊലീസിലോ പരാതി നൽകുക. 

Post a Comment

Previous Post Next Post