നിർണായക തെളിവായി യുവതി പകർത്തിയ വീഡിയോ; കൊവിഡ് ബാധിതയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് ശിക്ഷ ഇന്ന് വിധിക്കും.

സമൂഹ മനസാക്ഷിയെ ഏറെ ‌ഞെട്ടിച്ച പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച  കേസിലെ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസിലെ പ്രതിയായ കായംകുളം സ്വദേശിയായ ആംബുൻസ് ഡ്രൈവർ നൗഫൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന്  ശിക്ഷ വിധിക്കുക. 

2020 സെപ്റ്റംബർ അഞ്ചിനാണ് കൊവിഡ് രോഗിയെ ആംബുലൻസിൽ വെച്ച്  നൗഫൽ പീ‍ഡിപ്പിച്ചത്.   കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫൽ പീഡിപ്പിച്ചത്.  രോഗബാധിതയായ യുവതിയെ കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് കേസിൽ നിർണായക തെളിവായി.  

കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. 19കാരിയായ പെൺകുട്ടിയുമായി ഇയാൾ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. പിന്നീട് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി. തെളിവ് പൊലീസിന് കൈമാറുകയും ചെയ്തു. 

പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കേസിലെ വിചാരണ പൂർണ്ണമായും വീഡിയോയിൽ പകർത്തി രഹസ്യ പാസ് വേ‍ഡ് ഉപയോഗിച്ച് സൂക്ഷിച്ചിട്ടുണ്ട്.  

Post a Comment

Previous Post Next Post